അടുത്തിടെ സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ് കാസ്റ്റിംഗ് കൗച്ച്. നടിമാര്‍ക്ക് മികച്ച അവസരങ്ങള്‍ കിട്ടണമെന്നുണ്ടെങ്കില്‍ ആവശ്യപ്പെടുന്നവര്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന വെളിപ്പെടുത്തലായിരുന്നു അത്. പല നടിമാരും ഇത്തരത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിന്റെ പേരില്‍ തന്നെയാണ് പിന്നീട് പാര്‍വതി, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡബ്ലുസിസി എന്ന സംഘടന രൂപീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ റിമാ കല്ലിങ്കല്‍ നടത്തിയിരിക്കുന്ന മറ്റൊരു പ്രസ്താവനയാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയില്‍ സിനിമ മേഖലയില്‍ നിന്നും മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്. തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തന്റെ ഒരു സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.
ആ സംഭവത്തിനു ശേഷമാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത് വരേണ്ടതിനെക്കുറിച്ച് ആലോചിച്ചതെന്നും ഡബ്ല്യുസിസിയുടെ നേതൃനിരയിലെ അംഗവും കൂടിയായ റിമാ കല്ലിങ്കല്‍ വ്യക്തമാക്കി. ബിനാലെ ഫൗണ്ടേഷന്റെ പരിപാടികളായ ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടിയിലും ആര്‍ട്ടിസ്റ്റ് സിനിമ പ്രദര്‍ശനത്തിനു മുന്നോടിയായി നടന്ന ചര്‍ച്ചയിലുമാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന്. റിമ പറഞ്ഞു.
അന്നത്തെ ആ സംഭവത്തിന്റെ ഞെട്ടല്‍ മാറാന്‍ ഏറെ ദിവസം കഴിഞ്ഞെന്നും പിന്നീടാണ് സംസാരിക്കാന്‍ സ്ഥലമുണ്ടെന്നും നിര്‍ബന്ധമായി ഉപയോഗിക്കുക തന്നെ വേണമെന്നും തിരിച്ചറിയുന്നതെന്നും റിമ പറഞ്ഞു.