ഇരകള്‍ ഒരിക്കലും കുറ്റക്കാരാവുന്നില്ല! കുറ്റം ചെയ്യുന്നവരും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരുമാണ് ശിക്ഷ അര്‍ഹിക്കുന്നത്; മമ്തയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് കാരണം അവര്‍ തന്നെയാണെന്നും സിനിമയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി പ്രത്യേകം സംഘടനയുടെ ആവശ്യമില്ലെന്നുമുള്ള നടി മമ്താ മോഹന്‍ദാസിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ആക്രമണങ്ങള്‍ക്ക് കാരണം അവരല്ല, മറിച്ച്, വേട്ടക്കാര്‍ തന്നെയാണെന്നാണ് റിമ മമ്തയ്ക്ക് നല്‍കിയ മറുപടി.

റിമയുടെ വാക്കുകള്‍ ഇങ്ങനെ…’പ്രിയ മംമ്ത, പീഡനം അനുഭവിച്ച എന്റെ സഹോദരി സഹോദരന്മാരെ ഭിന്നലിംഗക്കാരേ നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ നിങ്ങളല്ല മറിച്ച് വേട്ടക്കാര്‍ തന്നെയാണ്. നമ്മെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നവരും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നവരും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവനുമാണ് ഇതില്‍ കുറ്റക്കാര്‍.’

‘ഇത്തരം ആക്രമണങ്ങളെ ലഘൂകരിക്കുകയും കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന സമൂഹവും ഇതിന് ഉത്തരവാദികളാണ്. മറ്റൊരാളുടെ പ്രവര്‍ത്തിയില്‍ നിങ്ങള്‍ക്ക് കുറ്റബോധം തോന്നേണ്ടതില്ല. തുറന്ന് പറയുക തന്നെ വേണം, അത് തുടരുക.

നിശബ്ദതയുടേയും അവഗണനയുടേയും മതിലുകള്‍ തകര്‍ക്കുക.’റിമ പറഞ്ഞു. സിനിമയിലെ സ്ത്രീകളുടെ ഇടയില്‍ തന്നെ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ ഉടനടിയൊന്നും രമ്യതയിലെത്താന്‍ സാധ്യതയില്ലെന്നാണ് കണക്കാക്കേണ്ടത്.

Related posts