സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞതിന്റെ പേരില്‍ ധാരാളം പഴികേട്ടിട്ടുണ്ടെങ്കിലും മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാട് കൊണ്ടും ഏറെ ശ്രദ്ധേയയാണ് റിമ കല്ലിങ്കല്‍. വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും റിമ ശ്രദ്ധേയയാണ്.
ഇത്തരത്തില്‍ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് എങ്ങനെയാണെന്ന് പറയുകയാണ് റിമ. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച് താരം മനസു തുറന്നത്. ഗെയിം ചെയ്ഞ്ചറായിരിക്കണം ഓരോ കഥാപാത്രവും. തെരഞ്ഞെടുക്കുന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ കഴിയണം. ശക്തമായ, ആഴമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. എല്ലാ തരത്തിലുള്ള വികാരങ്ങളേയും കഥാപാത്രങ്ങളേയും സിനിമ പ്രതിഫലിപ്പിക്കുന്നുണ്ട്.
സ്ഥിരം നാല് പാട്ട്, നാല് സീന്‍ റോളുകള്‍ മാത്രമാണ് സിനിമയില്‍ സ്ത്രീകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തത്കാലം അത്തരം റോളുകള്‍ ചെയ്യാന്‍ എന്നെ കിട്ടില്ല, അതിന് തയാറല്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. റോളല്ല സ്റ്റോറിയായിരിക്കണം വലുതെന്നും താരം പറഞ്ഞു. എന്നാല്‍ അടുത്തകാലത്ത് ലഭിച്ച പല കഥാപാത്രങ്ങളും തന്നെ ഒരു സ്റ്റീരിയോടെപ്പാക്കി മാറ്റിയെന്നും അത് തകര്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും റിമ പറഞ്ഞു.
അടുത്ത ചിത്രമായ ആഭാസത്തിലൂടെ അത് മാറ്റിയെടുക്കുമെന്നും റിമ പറഞ്ഞു. ആഭാസത്തില്‍ 30 കഥാപാത്രങ്ങളുണ്ടെന്നും അവര്‍ക്കെല്ലാം സിനിമയുടെ കഥയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. അതേസമയം, സിനിമയില്‍ 90 ശതമാനവും പുരുഷന്മാരാണെന്നും അതുകൊണ്ടു തന്നെ സ്ത്രീകളുടെ വികാരത്തേയും, സ്വപ്നങ്ങളെയും അവര്‍ മനസിലാക്കുമെന്ന് പ്രതീക്ഷയില്ലെന്നും റിമ പറഞ്ഞു.