കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിന്റെ പേരിൽ നടി റിമ കല്ലിങ്കലിനെതിരെ പോലീസ് കേസെടുത്തേയ്ക്കും. ഇതേ കുറ്റത്തിനു നടൻ അജു വർഗീസിനെതിരെ കേസെടുക്കുകയും റിമയ്ക്കെതിരെ കേസെടുക്കാതിരുന്നതും ആക്ഷേപങ്ങൾക്കു കാരണമായ പശ്ചാത്തലത്തിലാണു കേസെടുക്കാൻ പോലീസ് ഒരുങ്ങുന്നത്. സംഭവത്തിൽ റിമയ്ക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ചു പരിശോധിച്ചുവരികയാണെന്നു നടി ആക്രമണത്തിനിരയായ കേസ് അന്വേഷിക്കുന്ന സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
നടിക്കു പിന്തുണ പ്രഖ്യാപിച്ച് റിമ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണു നടിയുടെ പേര് വെളുപ്പെടുത്തിയിരുന്നത്. ആക്രമണത്തിന് ഇരയായ നടി മാധ്യമങ്ങൾക്കു നൽകിയ കുറിപ്പ് അതേപ്പടി റിമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കുറിപ്പിന്റെ അവസാനം ആക്രമണത്തിന് ഇരയായ നടിയുടെ പേരും ഉണ്ടായിരുന്നു. നടിയുടെ പേരുണ്ടെന്നു തിരിച്ചറിഞ്ഞ റിമ പോസ്റ്റ് പിന്നീട് നീക്കം ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് റിമയ്ക്കെതിരെ ആലുവ സ്വദേശി പോലീസിൽ പരാതി നൽകിയെങ്കിലും ആക്രമണത്തിന് ഇരയായ നടി റിമയ്ക്കെതിരെ പരാതിയില്ലെന്നുകാട്ടി പോലീസിനു കത്തു നൽകിയതിനാൽ കേസെടുത്തിരുന്നില്ല. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അജു വർഗീസ് നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങളും വിഷയത്തിൽ പോലീസിനെ കുഴപ്പത്തിലാക്കുന്നുണെന്നാണു വിവരം.
നടിയുടെ പേര് വെളിപ്പെടുത്തിയ കുറ്റത്തിനാണു അജുവിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ഇരയ്ക്കു പരാതിയില്ലെങ്കിലും കുറ്റം ഇല്ലാതാവില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. ഈ സാഹചര്യത്തിൽ റിമയ്ക്കെതിരെയും കേസെടുക്കാതിരിക്കാൻ പോലീസിനു ആവില്ലെന്നാണു വിലയിരുത്തൽ. സിനിമാമേഖലയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന്റെ പ്രധാന അംഗമാണു റിമ.
കഴിഞ്ഞ ഫെബ്രുവരി 17 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്നു നടൻ ദിലീപിനെതിരേ അന്വേഷണം തിരിഞ്ഞ ഘട്ടത്തിലായിരുന്നു അജു വർഗീസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നടിയുടെ പേരെടുത്തു പറഞ്ഞ് വിവാദ പോസ്റ്റിട്ടത്. നടിക്കു പിന്തുണ അറിയിക്കുന്നതിനൊപ്പം സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും അജു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരേ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ കളമശേരി പോലീസാണ് അജു വർഗീസിനെതിരേ കേസെടുത്തത്.