ജോസ് ചാലയ്ക്കൽ
മലന്പുഴ: ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയിൽ കവിത തന്റെ കരളിലലിയിപ്പിച്ചു ചേർത്ത 21 വയസുകാരി.ചെറുപ്പം മുതൽ കവിതയെഴുത്ത് ശീലമാക്കിയ റീമ ഇപ്പോഴും പുതിയ ആശങ്ങളെ കൂട്ടി യോജിപ്പിച്ച് കവിത എഴുതുന്നതിന്റെ തിരക്കിലാണ്. സ്ക്കൂൾ പഠനകാലഘട്ടം മുതലാണ് റീമ കവിതകൾ എഴുതിത്തുടങ്ങിയത്.
നൂറിലേറെ കവിതകൾ റീമയുടെ തൂലികയിലൂടെ ജന്മമെടുത്തിട്ടുണ്ട്. മലന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന റീമ തന്റെ തിരക്കിനിടയിലും കവിതയെഴുതാൻ സമയം കണ്ടെത്തുന്നു.സമകാലികവും പ്രണയവും പ്രക്യതിയെയും കൊറോണെയെയും കേന്ദ്രീകരിച്ചാണ് റീമയുടെ കവിതയുടെ പശ്ചാത്തലം.
ജോലി സമയം കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിലാണ് റീമ കവിതക്കായി സമയം കണ്ടെത്തുന്നത്. മനസിൽ എഴുതാനുള്ള ആശയം ഉദിച്ചാൽ റീമ അതിനെ കവിതയാക്കി മാറ്റും.കൊറോണയുടെ കടന്നുവരവിനാൽ ആരോഗ്യ മേഖലയിൽ ജോലി സമയം വർധിച്ചെങ്കിലും റീമയുടെ എഴുത്തുകൾ മുടങ്ങിയില്ല.
ഒഴിവു കിട്ടുന്ന സമയങ്ങളെ അവർ ആശയങ്ങളെ അക്ഷരകൂട്ടങ്ങളാക്കി മാറ്റി.ജോലിക്കിടയിൽ കവിതയെഴുതാനുള്ള ആശയം വന്നാൽ അത് ഒപി ടിക്കറ്റായാലും പ്രശ്നമല്ല ജോലിക്കു തടസമാകാതെ എഴുതിയിരിക്കും. അത്തരത്തിൽ എഴുതിയ കഥയും റീമക്ക് പറയാനുണ്ട്.
മിക്കപ്പോഴും തന്റെ മനസിൽ ഉണ്ടാകുന്ന സങ്കടങ്ങളെ മറക്കാനാണ് കവിത എഴുതാറുള്ളത് എന്നാണ് റീമ പറയുന്നത്. ആലപ്പുഴ പുന്നപ്ര വടക്കേ അറ്റത്ത് വീട്ടിൽ മത്സ്യത്തൊഴിലാളിയായ പീറ്റർ ലാസറിന്റെയും മേഴ്സി പീറ്ററിന്റെയും മകളായ റീമ 2017ലാണ് പാലക്കാട് എത്തുന്നത്.
പെരിങ്ങോട്ടുകുറുശ്ശിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സെന്ററിൽ നിന്നും നേഴിസിംഗ് പഠനം പൂർത്തിയാക്കിയ റീമ 2019 മുതൽ മലന്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നേഴ്സ് ആയി ജോലി ആരംഭിച്ചു. ഒന്നര വർഷത്തിനുള്ളിൽ കൂടുതൽ കവിതകളും റീമ എഴുതിയത് മലന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുതന്നെയാണ്.കവിതകൾ എഴുത്തിനെ പ്രണയിച്ചവൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുമുണ്ട്.