നടിയെ ആക്രമിച്ച കേസ് അതിന്റെ വാദപ്രതിവാദങ്ങളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. വാദിഭാഗവും പ്രതിഭാഗവും വിചാരണാവേളയില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി നീതിപീഠത്തെ നിരന്തരം സമീപിച്ചുകൊണ്ടുമിരിക്കുന്നു. ഈയവസരത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മീഡിയയുടെയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് തെറ്റായ ചിന്തകളാണ് വന്നതെന്ന രീതിയില്‍ നടി റിമ കല്ലിങ്കല്‍ നടത്തിയ പ്രതികരണം ചര്‍ച്ചയാവുന്നത്.
അന്ന് ആ പെണ്‍കുട്ടി അനുഭവിച്ച മാനസിക വിഷമങ്ങള്‍ ഒക്കെ ഞാന്‍ നേരിട്ട് കണ്ടതാണ്. അവള് പക്ഷെ തളര്‍ന്നില്ല. പോരാടാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ വളരെ മോശം പ്രവര്‍ത്തിയാണ് നമ്മുടെ മീഡിയയില്‍ നിന്നും ഉണ്ടായത്. ഇങ്ങനെ ഒരു സംഭവം ആദ്യം ഉണ്ടായപ്പോള്‍ നടിയല്ലേ ,കാശ് കൊടുത്താല്‍ ഇത് സിനിമയില്‍ ചെയ്യുമല്ലോ എന്നുള്ള ചിന്തയാണ് പലര്‍ക്കും ഉണ്ടായത്. ആ ചിന്തയുടെ അടിസ്ഥാനം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. നമ്മുടെ സിനിമാ വ്യവസായവും ഇതിനോട് നല്ല രീതിയില്‍ അല്ല ആദ്യം പ്രതികരിച്ചത്.
അവളെ ഇര എന്ന് വിളിക്കുന്നതിനോട് എതിരാണ് ഞാന്‍. അവള് എല്ലാം സഹിച്ച വെറുമൊരു ഇരയല്ല. ഇതിനെതിരെ പടപൊരുതിയവളാണ്. വെറുമൊരു ഇരയെന്ന് വിളിച്ച് അതിനെ താഴ്ത്തി കേട്ടരുത്. അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണ് അവള് ചെയ്തത്,റിമ പറയുന്നു. ജസ്റ്റ് ഫോര്‍ വിമന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെയാണ് റിമ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.