കോഴിക്കോട്: സ്ത്രീകള്‍ക്കും ഭിന്നലിംഗ വ്യക്തികള്‍ക്കും സിനിമാ സംരംഭങ്ങളിലും സിനിമാ വ്യവസായത്തിലും കൂടുതല്‍ പങ്കാളിത്തവും സുരക്ഷയും വേണമെന്ന് വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍.
ലിംഗസമത്വത്തെക്കുറിച്ചുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തില്‍ (ഐസിജിഇ-2) ‘സിനിമകളിലെ സുസ്ഥിര സംരംഭകത്വത്തിന്റെയും സാമൂഹിക വ്യാപാര പരിശീലനത്തിന്റെയും ആവശ്യകത’ എന്ന സെഷനിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
നിലവില്‍ സിനിമ പുരുഷ കേന്ദ്രീകതൃമാണ്. സിനിമയിലെ മൂലധന നിക്ഷേപത്തിന്റെ കുത്തകയും പുരുഷന്മാര്ക്കാണ്. എന്നാല്‍ സാവധാനം ഈ സ്ഥിതി മാറിവരികയാണെന്ന് പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളും ഭിന്നലിംഗ വ്യക്തികളും ചലച്ചിത്ര മേഖലയിലെ പ്രധാന സ്ഥാപനങ്ങളുടെ ഭാഗമായാല്‍ മാത്രമേ സ്ഥിതിഗതികള്‍ മാറുകയുള്ളൂവെന്ന് പ്രശസ്ത ഫിലിം എഡിറ്ററും ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാപോള്‍ പറഞ്ഞു. സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ തിയറ്ററില്‍ വിജയിക്കില്ലെന്ന പരമ്പരാഗത ധാരണകള്‍ തിരുത്തണം.
സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ വിജയിക്കില്ലെന്നത് മിഥ്യാധാരണയാണെന്ന് നടിയും ഡബ്ല്യുസിസിയുടെ സ്ഥാപക അംഗവുമായ റിമ കല്ലിങ്കല്‍ പറഞ്ഞു.
നന്നായി നിര്‍മിച്ച സിനിമയാണ് പ്രേക്ഷകര്‍ക്ക് വേണ്ടത്. ലിംഗഭേദം അവിടെ ഒരു പങ്കും വഹിക്കുന്നില്ല. ഉയരെ, ഹെലന്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് തുടങ്ങിയ സിനിമകള്‍ വിജയിച്ചതായി അവര്‍ പറഞ്ഞു.
വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ പുതിയ രൂപത്തിലുള്ള മൂലധന രൂപീകരണ പ്രക്രിയകളെപ്പറ്റി ആലോചിക്കണമെന്നും അങ്ങനെയായാല്‍ സിനിമയിലെ നിക്ഷേപ മേഖലയില്‍ നിന്ന് സ്ത്രീകളും ഭിന്നലിംഗ വ്യക്തികളും പുറന്തള്ളുന്ന പ്രവണതയെ മറികടക്കാനാകുമെന്നും സെഷന് നിയന്ത്രിച്ച കാലിക്കട്ട് സര്‍വകലാശാലയിലെ വനിതാ പഠന വകുപ്പിലെ മിനി സുകുമാര്‍ അഭിപ്രായപ്പെട്ടു.
സിനിമയിലെ എല്ലാ മേഖലകളിലും കഴിവുള്ള ഭിന്നലിംഗ വ്യക്തികളെ സഹകരിപ്പിക്കുന്നതിനെ കുറിച്ച് ഡബ്ല്യുസിസി ആലോചിക്കണമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ ആവശ്യപ്പെട്ടു.
സിനിമാ നിർമാണമടക്കമുള്ള മേഖലയിലേക്ക് സ്ത്രീകളുടെയും ഭിന്നലിംഗ വ്യക്തികളുടെയും കടന്നുവരവ് സാവധാനം നടക്കുന്ന പ്രവര്‍ത്തനമാണെന്നും ഇതിന് സമയവും പരിശ്രമവും ആവശ്യമാണെന്നും മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയും നിര്‍മ്മാതാവുമായ സ്മൃതി കിരണ്‍ പറഞ്ഞു.