സ്വന്തം ലേഖകൻ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ സ്വർണക്കടത്തിനു പിന്നിലും തിരുവനന്തപുരം കേസിൽ പിടിയിലായ പെരിന്തൽമണ്ണ വെട്ടത്തൂർ റമീസ്.
2015-ലാണ് കരിപ്പൂരിൽ 17.5 കിലോ സ്വർണം കാർഗോ കോംപ്ലക്സ് വഴി കടത്താൻ ശ്രമിച്ചിരുന്നത്. കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.
ഈ കേസിൽ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസും ഇയാളുടെ അയൽവാസിയും ഉൾപ്പെട്ടിരുന്നു. തൊട്ടുമുന്പുളള വർഷം ഇയാൾ തിരുവനന്തപുരം വിമാനത്താവളം വഴിയും സ്വർണം കടത്തിയിരുന്നു. ഇപ്പോൾ എൻഐഎയെ അറസ്റ്റ് ചെയ്ത സന്ദീപ് നായർക്കും ഈ കേസിൽ ബന്ധമുണ്ടന്നു കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ച കരിപ്പൂർ വിമാനത്താവളത്തിൽ ഏറ്റവും വലിയ സ്വർണ വേട്ടയായിരുന്നു 2015ലേത്. യാത്രക്കാരില്ലാതെ ഗൾഫിൽനിന്നു കാർഗോ വഴി അയച്ച കാർഗോ ഉത്പന്നങ്ങളിലാണ് സ്വർണം കടത്തിയിരുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നു കരിപ്പൂരിലെത്തിയ ഡിആർഐ സംഘം ബാഗ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. നെടുന്പാശേരിയിൽ കഴിഞ്ഞ നവംബറിൽ ആറ് എയർ ഗണ്ണുകളും പിടികൂടിയിരുന്നു.
വർഷങ്ങളായി റമീസ് സ്വർണക്കടത്തിന്റെ പിറകിലുണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തി. ഇതോടെയാണ് ഇയാളെ അതീവ രഹസ്യമായി എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വർണക്കടത്തിലെ ബന്ധങ്ങൾ വിവിധ ജില്ലകളിലേക്കാണ് നീങ്ങുന്നത്.
കൂടുതൽ സ്വർണക്കടത്തുകാരും ഇവർക്കു സഹായികളായവരും കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലുണ്ടായ സ്വർണക്കടത്ത് കേസുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.