മസ്കറ്റ്: മസ്കറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ അധികൃതർ ഗായിക റിമി ടോമിയുടെ മേക്കപ്പ് ആർട്ടിസ്റ്റായ ശോശാങ്ക ബോർഡോലോയിയെ തടഞ്ഞുവച്ചു.
ഖുറം ആംഫി തീയേറ്ററിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ വന്നതായിരുന്നു അവർ. ട്രാൻസ് ജെൻഡറായ ശോശാങ്ക പാസ്പോർട്ടിൽ പുരുഷ ലിംഗമെന്നാണ് കാണിച്ചിട്ടുള്ളത്. ഇതുപ്രകാരമാണ് ഒമാനിലേക്ക് ബാൻഡ് വീസയും എടുത്തിരുന്നത്. എന്നാൽ ആർട്ടിസ്റ്റ് ഇറങ്ങിയത് സ്ത്രീ വേഷത്തിലും. ഇതാണ് ഇമിഗ്രേഷൻ അധികൃതർ രാജ്യത്തേക്ക് പ്രവേശനാനുമതി നിഷേധിക്കാൻ കാരണം.
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നുമുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിൽ ഗായികയും ഭർത്താവും ശോശാങ്കയും ഒരുമിച്ചാണെത്തിയത്. ആസാം സ്വദേശിയായ ആർട്ടിസ്റ്റിന്‍റെ ജനന വർഷം പാസ് പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1992 എന്നാണ്. വ്യാഴാഴ്ച വൈകിട്ടത്തെ ഷോയ്ക്കുശേഷം ഡിസംബർ ഒന്നിന് രാവിലെ കൊച്ചിയിലേക്കുള്ള ജെറ്റ് വിമാനത്തിൽ അതുവരെ ലോഞ്ചിൽ വിശ്രമിച്ചശേഷം ആർട്ടിസ്റ്റ് റിമിയോടൊപ്പം കൊച്ചിയിലേക്ക് മടങ്ങി.
സോൾ ഓഫ് മസ്കറ്റും ഒമാൻ കാൻസർ അസോസിയേഷനും സഹകരിച്ചു നടത്തിയ സ്റ്റേജ് ഷോയിൽ പങ്കെടുക്കാനെത്തിയതാണ് റിമി ടോമി സംഘവും. പ്രശസ്ത ഗായകൻ യേശുദാസും നടൻ ജയറാം, നടി മംമ്ത മോഹൻദാസ് ഉൾപ്പെടെയുള്ളവരും ചടങ്ങുകളിൽ സംബന്ധിച്ചു.
റിപ്പോർട്ട് : സേവ്യർ കാവാലം