കോട്ടയം: തനിക്ക് അനധികൃത സാന്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്നു ഗായിക റിമി ടോമി. ഉണ്ടെങ്കിൽ നേരത്തെ നടന്ന ആദായ നികുതിവകുപ്പ് പരിശോധനയിൽ കണ്ടെത്തേണ്ടതല്ലേ എന്ന് അവർ ചോദിച്ചു. നികുതി അടയ്ക്കുന്നതിൽ ചില വീഴ്ചകൾ മാത്രമാണ് സംഭവിച്ചിട്ടുള്ളത്.
അതിന് തനിക്ക് പിഴ വിധിച്ചിരുന്നു. ആ പിഴ പോലും ഇതുവരെ അടച്ചിട്ടില്ലെന്നും താൻ പാടിയുണ്ടാക്കിയ പൈസയല്ലാതെ തനിക്ക് സന്പാദ്യങ്ങൾ ഒന്നുമില്ലെന്നും റിമി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ ചോദ്യം ചെയ്തുവെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു റിമി.
നടിയുടെ കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയാൻ പോലീസ് തന്നെ ഫോണിൽ വിളിച്ചിരുന്നു. ദിലീപ്, കാവ്യ എന്നിവരുമായി തനിക്ക് സൗഹൃദമുള്ളതുകൊണ്ടും അടുത്തിടെ നടന്ന അമേരിക്കൻ സ്റ്റേജ് ഷോയെക്കുറിച്ചും ഒക്കെ പോലീസ് ചോദിച്ചു.
തനിക്ക് കാവ്യ, ദിലീപ് എന്നിവരുമായോ സിനിമ മേഖലയിലെ മറ്റാരെങ്കിലുമായോ സാന്പത്തിക ഇടപാടുകൾ ഒന്നുമില്ല. ബിനാമി, ഹവാല എന്നീ വാക്കുകളൊക്കെ താൻ സിനിമയിലാണ് കേട്ടിരിക്കുന്നത്. എന്തൊക്കെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ എഴുതിവിടുന്നതെന്നും അതിലൊന്നും വാസ്തവമില്ലെന്നും റിമി പറഞ്ഞു.
ദിലീപുമായി രണ്ട് അമേരിക്കൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. റിമിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ലെന്നു അറിയാമെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സുഹൃത്തുക്കളോടു ചില വിവരങ്ങൾ ചോദിച്ചറിയാൻ വേണ്ടിയാണ് പോലീസ് വിളിച്ചതെന്നാണ് അവർ പറഞ്ഞത്. വാസ്തവ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും റിമി ടോമി അഭ്യർഥിച്ചു.