ഒരു മുഴം മുമ്പേ എറിഞ്ഞ് റിമി ടോമി !കോതമംഗലത്തെത്തി വനിതാ മജ്‌സ്‌ട്രേറ്റിനു മുമ്പില്‍ എല്ലാം തുറന്നു പറയാനൊരുങ്ങി ഗായിക…

 

കോതമംഗലം: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമിടോമി നാളെ രഹസ്യമൊഴി നല്‍കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് റിമി ടോമിയുടെ രഹസ്യമൊഴി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. റിമിയുടെ അഭ്യര്‍ഥന മാനിച്ചാണ് മൊഴി നല്‍കാനുള്ള സൗകര്യം വനിതാ മജിസ്‌ട്രേറ്റുമാരുള്ള കോതമംഗലം കോടതിയില്‍ ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. നടന്‍ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകള്‍ ഉള്‍പ്പെടെയുള്ള വിവരം അന്വേഷണ സംഘം നേരത്തെ റിമിയോട് ആരാഞ്ഞിരുന്നു.

ദിലീപുമായും ഭാര്യ കാവ്യയുമായും അടുത്ത ബന്ധമുള്ള റിമിയ്ക്ക് ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അറിവുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് റിമിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. റിമി ടോമിയെ ഇതിന് മുന്‍പ് അന്വേഷണ സംഘം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും ഈ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിമി ടോമി അന്ന് പറഞ്ഞിരുന്നു.

ആക്രമിക്കപ്പെട്ട നടിയുമായും റിമിക്ക് ബന്ധമുണ്ട്. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശപര്യടനങ്ങളില്‍ ഇവരോടൊപ്പം റിമി പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് പൊലീസ് സംഘം വിവരം ആരാഞ്ഞതായും റിമി പറഞ്ഞിരുന്നു. എന്നാല്‍ ദിലീപിന്റെ ബിനാമിയാണെന്നുള്ള ആരോപണങ്ങള്‍ റിമി നിഷേധിച്ചിരുന്നു. വിദേശത്തു നടന്ന സ്റ്റേജ് ഷോയ്ക്കു ശേഷം റിമി ഇരയായ നടിയുമായി അകന്നിരുന്നു.ഈ താരനിശയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. കൃത്യത്തിന് മുമ്പോ ശേഷമോ ഇത് ദിലീപുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും വിവരമുണ്ടോ എന്ന് കണ്ടെത്താനാണ് പൊലീസ് ഗായികയെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.

ദിലീപിന്റെ മിക്ക സ്റ്റേജ് ഷോകളിലും സജീവ സാന്നിദ്ധ്യമായിരുന്ന റിമിയ്ക്ക് പല വിവരങ്ങളും അറിയാമെന്ന കണക്കുകൂട്ടലിലാണ് പോലീസ് രഹസ്യമൊഴി എടുപ്പിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് വിധേയയായ റിമി തനിക്കെതിരേ ഉയര്‍ന്നതെല്ലാം കെട്ടുകഥയാണെന്നാണ് അന്നു പറഞ്ഞത്.

പോലീസ് ഫോണില്‍ വിളിച്ച് അമേരിക്കന്‍ ഷോയിലെ കാര്യങ്ങള്‍ തിരക്കി. ആക്രമിക്കപ്പെട്ട നടിയുമായും കാവ്യയുമായുള്ള ഉള്ള ബന്ധത്തെ കുറിച്ചും ചോദിച്ചു. സംഭവം നടന്ന ദിവസം കാവ്യയെ വിളിച്ചിട്ടുണ്ട്. അത് തീര്‍ത്തും സ്വാഭാവികം മാത്രം. ഇരയ്ക്ക് മെസേജും അയച്ചു. അത്രമാത്രം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. എല്ലാവരോടും ചോദിക്കുന്നതു പോലെ തന്നോടും ചോദിച്ചു. ഈ കേസില്‍ തനിക്ക് ബന്ധമില്ലെന്ന് പൊലീസ് വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും റിമി പറയുന്നു.

2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത്. തനിക്ക് ദിലീപുമായി ബിസിനസ് പാര്‍ട്‌നര്‍ഷിപ്പുകളില്ല. ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമില്ലെന്നും റിമി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുന്‍പ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ലെന്നും പറഞ്ഞിരുന്നു. ഈ മൊഴി ആവര്‍ത്തിക്കുകയാണെങ്കില്‍ അത് മജിസ്‌ട്രേട്ടിന് മുമ്പില്‍ രേഖപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദിലീപിനെതിരായ എന്തോ പ്രധാനവിവരം നല്‍കാനാണ് റിമി ഒരുങ്ങുന്നതെന്നാണ് സൂചന.

 

Related posts