കോണത്തുകുന്ന്: ആരും ഇറങ്ങിചെല്ലാൻ ധൈര്യപ്പെടാത്ത തരിശു ഭൂമികളിൽ പൊന്നു വിളയിക്കുന്നതു വിനോദമാക്കിയവരാണ് റിനാസും ഭാര്യ പവിത്രയും.
കഴിഞ്ഞ നാലുവർഷമായി ഈ ദന്പതിമാർ ജൈവ നെൽക്കൃഷിയിൽ നേടിയ വിജയങ്ങൾക്കു തിളക്കമേറെയുണ്ട്.
റിലയൻസ് കന്പനിയിൽ ഉയർന്ന ജോലി ചെയ്തുവന്നിരുന്ന പവിത്രയും മുംബൈയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്ന റിനാസും കൃഷിയിലേക്കിറങ്ങുന്നതു മണ്ണിൽ പൊന്നു വിളയിക്കാനായിരുന്നു.
കൃഷിയോടുള്ള താത്പര്യവും ആത്മവിശ്വാസവും കഠിനധ്വാനവും കൈമുതലാക്കി പേമാരിയും പ്രളയവും വരൾച്ചയും മറികടന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ ഇവർ നേടിയതു നൂറുമേനി വിളവ്.
വിഷരഹിതമായ നല്ല ഭക്ഷണം ലഭ്യമാക്കുക എന്നുള്ളതായിരുന്നു ഇവരുടെ ലക്ഷ്യം. 2014 ലാണു സലിം ആലി ഫൗണ്ടേഷൻ വഴി പരിസ്ഥിതി സൗഹൃദ പദ്ധതി വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ തുടക്കം കുറിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായാണ് ഈ ദന്പതിമാർ പഞ്ചായത്തിലെ തരിശു നിലങ്ങൾ കണ്ടെത്തി ജൈവ കൃഷി ആരംഭിച്ചത്.
വെള്ളാഞ്ചിറ, ആനയ്ക്കൽ ചിറ പാടശേഖരങ്ങളിലായി 20 ഏക്കർ പാട്ടത്തിനെടുത്താണ് ഇവർ കൃഷി ചെയ്യുന്നത്.
ദീർഘകാലം തരിശുകിടന്നിരുന്ന വെള്ളാഞ്ചിറ പാടശേഖരം വെല്ലുവിളി ഉയർത്തിയെങ്കിലും കൂട്ടായ ശ്രമത്തിലൂടെ അതിജീവിച്ചു.
ആദ്യവർഷം വിളവ് കുറവായിരുന്നു. ഉത്പാദിപ്പിച്ചവയെല്ലാം സ്വന്തമായിത്തന്നെ സാമൂഹികമാധ്യമങ്ങളുടെ സഹായത്തോടെ നെല്ലായും അരിയായും വിത്തായും വിറ്റഴിച്ചു.
2018 ൽ വിരിപ്പുകൃഷി ചെയ്തു. പ്രളയവും ഓഖിയുടെ ഭാഗമായുള്ള വെള്ളക്കെട്ടും ബാധിച്ചതിനാൽ കുറച്ചു നഷ്ടമുണ്ടായെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ വിളവുകൂടി വന്നു.
ആദ്യവർഷം ഒരേക്കറിൽ നിന്ന് 800 കിലോ നെല്ലാണ് ലഭിച്ചത്. ഇപ്പോൾ 1200 കിലോവരെ കിട്ടുന്നുണ്ട്.
നെല്ല്, അവിൽ, അരിപ്പൊടി, അരി, പുട്ടുപൊടി എന്നിങ്ങനെ കൊറിയർ വഴിയും വില്പന നടത്തും. കുറുവ, രക്തശാലി, ഞവര, തവളക്കണ്ണൻ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്.
സമയത്തിനു തൊഴിലാളികളെ ലഭിക്കാതിരിക്കുന്നത് കൃഷിയെ ബാധിച്ചിരുന്നതിനാൽ ഇതിനു പരിഹാരമായി ടില്ലറും ഞാറുനടീൽ യന്ത്രവും സ്വന്തമായി വാങ്ങി.
പ്രവർത്തനം യുട്യൂബിൽ കണ്ടുപഠിച്ച് ഈ വർഷത്തെ വിരിപ്പുകൃഷിക്ക് രണ്ടുപേരും ചേർന്ന് ഞാറുനട്ടു.