വിതുര : ചെറ്റച്ചൽ വാവുപുരക്കടവിലെ കുളിക്കടവിന് സമീപം സിസിടിവി കാമറ സ്ഥാപിച്ചതിനെ തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു.
റിസോർട്ട് ഉടമകളും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു സ്ത്രീയുൾപ്പടെ മൂന്നു പേർക്ക് പരിക്കേറ്റു.
റിസോർട്ട് ഉടമ തിരുവനന്തപുരം കരിക്കകം വാഴവിള സ്വദേശി സുജിത്ത്, സുഹൃത്തുക്കളായ വിളപ്പിൽ കുന്നുംപുറം സ്വദേശി അനിൽകുമാർ, വട്ടിയൂർക്കാവ് സ്വദേശി മനോജ് എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിയുടെ പരാതിയിൽ നാട്ടുകാരിൽ കണ്ടാലറിയാവുന്ന ചിലർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും വിതുര സിഐ എസ്.ശ്രീജിത്ത് പറഞ്ഞു.
സംഘർഷത്തിൽ വാവുപുര സ്വദേശികളായ സന്തോഷ്, സഹോദരി ലത, മഹിൽ എന്നിവർക്കാണ് പരിക്കേറ്റത്.
ആറിനോട് ചേർന്ന സ്വകാര്യ വസ്തുക്കൾ ഒരു വർഷം മുമ്പാണ് തിരുവനന്തപുരം സ്വദേശികൾ വാങ്ങിയത്.
രണ്ടു മാസം മുമ്പ് സിസിടിവി കാമറകൾ സ്ഥാപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
സ്ത്രീകൾ ഉൾപ്പടെ കുളിക്കാനെത്തുന്ന കുളിക്കടവുകൾ കേന്ദ്രീകരിച്ചാണ് കാമറകൾ സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു.
റിസോർട്ടിലെത്തുന്ന ഉടമയും സുഹൃത്തുക്കളും ആറ്റുകടവിൽ മദ്യപിക്കുന്നത് പതിവാക്കിയെന്നും പലതവണ പറഞ്ഞിട്ടും ചെവിക്കൊണ്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
ആറിനോട് ചേർന്നുള്ള സന്തോഷിന്റെ കുടുംബ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.
ഉത്സവം നടക്കുന്ന ക്ഷേത്രത്തിനടുത്തെ കടവിൽ റിസോർട്ട് ഉടമ സുജിത്തും സുഹൃത്തുക്കളും നഗ്നരായി കുളിക്കുകയും മദ്യപിക്കുകയും ചെയ്തത് സന്തോഷും സഹോദരിയും ചോദ്യം ചെയ്തു.
തുടർന്ന് വാക്കുതർക്കവും കൈയാങ്കളിയുമായി. ഇതിനിടയിലാണ് സന്തോഷിനും സഹോദരിയ്ക്കും മഹിലിനും പരിക്കേറ്റത്. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്.
റിസോർട്ടിലേക്കു കയറിയ ഉടമയെയും സുഹൃത്തുക്കളെയും നാട്ടുകാർ തടഞ്ഞു വച്ചശേഷം എസ്ഐ എ.സതികുമാറിന് കൈമാറി.
മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. സുജിത്തിന്റെ പേരിൽ പതിനഞ്ചോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.