കൊടുങ്ങല്ലൂർ: പണം അടയ്ക്കാത്തതുകൊണ്ട് വെട്ടേറ്റ വീട്ടമ്മയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ആശുപത്രിയിൽ നിന്നുവിട്ടുകിട്ടാൻ താമസം നേരിട്ടതായി ആരോപണം.
ചന്തപ്പുരയിലുള്ള എ.ആർ. ആശുപത്രിക്കെതിരെയാണ് ആരോപണം. റിൻസിയെ വിദഗ്ധ ചികിത്സയ്ക്കു തൃശൂരിലേക്കു മാറ്റാൻ ആവശ്യപ്പെട്ടപ്പോഴാണു 25,000 രൂപ അടച്ചാൽ മാത്രമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞെന്നാണ് ആരോപണം.
ബന്ധുക്കളും പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദും യുഡിഎഫ് കണ്‍വീനർ പി.എസ്. മുജീബ് റഹ്മാനും നാളെ പണം അടയ്ക്കാമെന്ന് ഉറപ്പു നൽകിയിട്ടും ആശുപത്രി അധികൃതർ വഴങ്ങിയില്ലത്രേ.
തർക്കം തുടർന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് പോക്കറ്റിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്ത് ആശുപത്രിക്കാർക്കു നൽകി പണം എടുത്ത് എത്രയും പെട്ടെന്ന് യുവതിയെ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു.
ഇതിനു ശേഷമാണ് റിൻസിയെ മാറ്റാൻ കഴിഞ്ഞത്. 15 മിനിറ്റോളം ഇതു മൂലം വൈകി.മനുഷ്യത്വരഹിത നിലപാട് എടുത്ത ആശുപത്രി അധികൃതർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എറിയാട് പഞ്ചായത്ത് പാർലിമെന്ററി പാർട്ടി ലീഡർ പി.കെ. മുഹമ്മദ് ആവശ്യപ്പെട്ടു.