നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം പിടിയിലായപ്പോൾ അന്വേഷണോദ്യോഗസ്ഥനായ നാദാപുരം എസ്ഐ എന്‍.പ്രജീഷും സ്ക്ക്വാഡ് അംഗങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങളായി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ എസ് ഐ യുടെയും നാദാപുരം പോലീസ് ഉദ്യോഗസ്ഥരുടെയും ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു.
കല്ലാച്ചി മാർക്കറ്റ് റോഡിൽ റിൻസി ജ്വല്ലറിയുടെ പിന് ഭാഗത്തെ ചുമര് തുരന്ന് 220 പവന് സ്വര്‍ണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും ആണ് കവര്‍ന്നത്.കവര്ച്ചക്കാരെപ്പറ്റി ഒരു സൂചന പോലുംലഭിക്കാത്ത അവസ്ഥ. തികച്ചും ശൂന്യതയില്‍ നിന്നാണ് നാദാപുരം എസ്ഐ യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുന്നത്. വടകര നാദാപുരം മേഖലയിലെ വിവിധ മൊബൈല്‍ ടവര്‍ ഡമ്പുകള്‍ പരിശോധിച്ച് മൂന്ന് ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകള്‍ വിശകലനം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ആയുധങ്ങൾ ലഭിച്ചതാണ് അന്വേഷ ഷണത്തില്‍ വഴിത്തിരിവായത്.
ഇവ വടകരയിലെ ഒരു ഇരുമ്പായുധ നിര്‍മ്മാണ ശാലയില്‍ ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയില്‍ കല്ലാച്ചിയിലെ മറ്റൊരു ജ്വല്ലറിയാണ് ലക്ഷ്യമിട്ടതെങ്കിലും സുരക്ഷിതമല്ലെന്ന സംഘത്തലവന് അഞ്ച് പുലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. പിന്നീടാണ് കല്ലാച്ചി പഴയ മാര്‍ക്കറ്റ്റോഡിലെ റിന്‍സി ജ്വല്ലറി കവര്‍ച്ചക്കായി തിരഞ്ഞെടുക്കുന്നത് ഡിസംബര്‍ മൂന്നാം തിയ്യതി രാവിലെ സംഘത്തിലെ രണ്ടു പേര് കടയും പരിസരവും സൂഷ്മമായി നിരീക്ഷിച്ചു വടകരയിലേക്ക് പോയി.
ഇവിടെ വെച്ച് ആയുധങ്ങള്‍ ശേഖരിച്ച് വൈകുന്നേരം ഏഴര മണിയോടെ കവര്‍ച്ചാ സംഘം ബസില്‍ കല്ലാച്ചിയിലെത്തി. രാത്രി പതിനൊന്നര മണി വരെ ജ്വല്ലറിക്ക് പിന് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടില്‍ ചിലവഴിച്ചു. ടൗണില്‍ കടകള്‍ അടക്കുകയും ജനങ്ങള്‍ പിരിയുകയും ചെയ്തതോടെ കടയുടെ പിന് വശത്ത് എത്തി ചുവരിലെ ചെങ്കല്ലുകള്‍ കമ്പിപ്പാര ഉപയോഗിച്ച് ഇളക്കി മാറ്റി. സംഘത്തിലെ മൂന്നു പേര് കടക്കുള്ളിലേക്ക് കയറി. മറ്റുള്ളവര്‍ കടയുടെ പുറത്തും നിലയുറപ്പിച്ചു. രണ്ടര മണിക്കൂര്‍ എടുത്താണ് കടക്കുള്ളിലെ ആഭരണങ്ങളും പണവും സൂക്ഷിച്ച വിദേശ നിര്‍മ്മിത സേഫ് ലോക്കര്‍ അടിച്ചു തകര്‍ത്തത്.
കവര്‍ച്ചയ്ക്ക് ശേഷം ആറു പേരടങ്ങുന്ന സംഘം കല്ലാച്ചിയില്‍ നിന്നും പയന്തോങ്ങില്‍ എത്തി. അതി രാവിലെയുള്ള ബസില്‍ വടകരയില്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. റയില്‍വേ സ്റ്റേഷനിലെത്തി വളാഞ്ചേരിയിലേക്ക് പോയി. സ്വര്‍ണാഭരങ്ങളില്‍ ഒരു ഭാഗം വളാഞ്ചേരിയില്‍ ജ്വല്ലറികളില്‍ വില്പന നടത്തി.സാഹസികമായ നീക്കങ്ങളിലൂടെ ജീവന് പണയപ്പെടുത്തിയാണ് പ്രതികളെ നിയമത്തിനു മുമ്പിലെത്തിക്കാന്‍ കഴിഞ്ഞത് സംഘാംഗങ്ങളുടെ കാര്യക്ഷമമായ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്.
25 വര്‍ഷമായി പൊലീസിന് പിടികൊടുക്കാതെ കേരളത്തില്‍ അങ്ങോളമിങ്ങോളം കവര്‍ച്ച നടത്തി മുങ്ങുന്ന ഈ സംഘത്തെ പിടികൂടുന്നതിനിടയില്‍ എസ്ഐ ഉള്‍പ്പെടെ പലര്‍ക്കും പരിക്കേട്ടിട്ടുമുണ്ട്. റൂറൽ ജില്ലയിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥരെയാണ് കേസന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
സംഘാംഗങ്ങൾ ഓരോരുത്തരും അന്വേഷണത്തിൽ പങ്ക് വഹിച്ചതായും കള്ള കുറിച്ചി സംഘമാണെന്ന തെളിവുകൾ ലഭിച്ചതോടെ സംഘത്തെ പിടിക്കണമെന്ന വാശിയാണ് വിജയം കണ്ടതെന്ന് ഡിവൈഎസ്പി ഇ.സുനിൽകുമാർ പറഞ്ഞു.