കൊച്ചി: പോലീസ് മർദനത്തിൽ പരിക്കേറ്റ കാക്കനാട് സ്വദേശി റിനീഷിന്റെ അമ്മ പരാതി നൽകി. ഡിജിപിക്കും കൊച്ചി പോലീസ് കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയത്.
മകനെ പോലീസ് അകാരണമായി മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേ തുരാമൻ നേരത്തെ ഉത്തരവിട്ടിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറോട് നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീക രിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കാക്കനാട് സ്വദേശി റിനീഷിനാണ് മർദനമേറ്റത്. നോർത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ലാത്തികൊണ്ട് കാലിനും കൈകൊണ്ട് മുഖത്തും മർദിച്ചെന്നാണ് പരാതി. അടിയിൽ ലാത്തി പൊട്ടിയെന്നും റിനീഷ് പറഞ്ഞു.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നോർത്ത് പാലത്തിനടിയിൽ ഇരുന്നതാണ് പോലീസ് തന്നെ മർദിക്കാൻ കാരണമെന്നാണ് റിനീഷ് പറയുന്നത്.
പോലീസ് സ്റ്റേഷനിൽ ഛർദിച്ചതിനെ തുടർന്ന് പോലീസുകാർ റിനീഷിനെ ആശുപത്രിയിലാക്കുകയായിരുന്നു.
എന്നാൽ, റിനീഷിനെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് റിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരു ന്നുവെന്നും പിന്നീട് വിട്ടയച്ചതാണെന്നും പോലീസ് പറയുന്നു.