വെള്ളമുണ്ട: അബദ്ധത്തിൽ ആറ് വയസുകാരിയുടെ മൂക്കിനുള്ളിൽ മോതിരം കയറിപ്പോൾ ചികിത്സക്കായി ജില്ലാ ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ വട്ടം കറക്കിയതായി പരാതി. വെള്ളമുണ്ട കെ.കെ.സി. ആഷിഖ്-റസീന ദന്പതികളുടെ മകൾ ആയിഷറിതയുടെ മൂക്കിനുള്ളിൽ ഞായറാഴ്ച രാത്രി 11.45 നാണ് മോതിരം കുടുങ്ങിയത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ചികിത്സ നൽകിയ ശേഷം അടുത്ത ദിവസം രാവിലെ ഇഎൻടി സ്പെഷലിസ്റ്റ് ഡോക്ടറെ സമീപിക്കാൻ ഡ്യൂട്ടി ഡോക്ടർ നിർദ്ദേശിച്ചു . തിങ്കളാഴ്ച രാവിലെ ഒന്പതിന് ജില്ലാ ആശുപത്രിയിലെത്തി ഇഎൻടി സ്പെഷലിസ്റ്റിന്റെ നിർദ്ദേശപ്രകാരം എക്സറേ എടുത്തു. എക്സറെ ശരിയായില്ലെന്ന് പറഞ്ഞ് മൂന്ന് തവണയാണ് ഡോക്ടർ ആയിഷറിതയുടെ എക്സറെ എടുപ്പിച്ചത്. ശേഷം അനസ്തേഷ്യ നൽകി സർജറി ചെയ്യണമെന്നും അനസ്തേഷ്യ ഡോക്ടറെ കാണാനും നിർദ്ദേശിക്കുകയായിരുന്നു.
അനസ്തേഷ്യ ഡോക്ടര് നിരവധി ലാബ് ടെസ്റ്റിന് നിർദ്ദേശിച്ചു. എച്ച്ഐവി അടക്കമുള്ള ലാബ് ടെസ്റ്റ് എടുത്ത് ഉച്ചയ്ക്ക് 1.30 ന് റിപ്പോർട്ടുമായി അനസ്തേഷ്യ ഡോക്ടറെ സമീപിച്ചു. ഡോക്ടർ വീണ്ടും ഇഎൻടി സ്പെഷലിസ്റ്റ് ഡോക്ടറെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു. ഡോക്ടർ ചൊവ്വാഴ്ച രാവിലെ എട്ടിന് സർജറി ചെയ്യാമെന്ന് പറഞ്ഞ് തിരിച്ചയച്ചു. സർജറിചെയ്യുമെന്നറിയിച്ചതിനാൽ ഭക്ഷണം പോലും കഴിക്കാതെയായിരുന്നു കുട്ടിയ ആശുപത്രിയിലെത്തിച്ചത്.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് കൽപ്പറ്റയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടു പോയി. കുട്ടിയെ പരിശോധിച്ച ഡോക്ടർ എക്സറേയോ ടെസ്റ്റ്കളോ ഒന്നുമില്ലാതെ മൂക്കിൽ കേറിയ മോതിരം രണ്ട് മിനിറ്റിനകം പുറത്തെടുക്കുകയായും ചെയ്തു.
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നേരാം വണ്ണം പരിശോധന നടത്താതെ അനാവശ്യമായി സർജറി നിർദ്ദേശിക്കുകയും രോഗിയെ പ്രയാസത്തിലാക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നാവശ്യപ്പെട്ടു കൊണ്ട് രക്ഷിതാക്കൾ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി.