പാരീസ്: ആഡംബരഹോട്ടലിൽനിന്നു കാണാതായ ആറേകാൽ കോടി രൂപ വിലവരുന്ന മോതിരം വാക്വം ക്ലീനറിൽനിന്നു കണ്ടെത്തി. വെള്ളിയാഴ്ച പാരീസിലെ റിറ്റ്സ് ഹോട്ടലിൽ മുറിയെടുത്ത മലേഷ്യൻ ബിസിനസ് വനിതയുടെ പ്ലാറ്റിനത്തിൽ തീർത്ത വജ്രമോതിരമാണു നഷ്ടപ്പെട്ടത്.
7.5 ലക്ഷം ഡോളർ (ഏകദേശം 6.25 കോടി രൂപ) വിലവരുന്ന മോതിരം വെള്ളിയാഴ്ച ഷോപ്പിംഗിനു പോകുന്നതിനു മുന്പായി ഹോട്ടൽ മുറിയിലെ മേശപ്പുറത്ത് ഈരിവച്ചുവെന്നാണു വനിത പറഞ്ഞത്.
തിരിച്ചുവന്നപ്പോൾ കണ്ടില്ല. ഹോട്ടൽ ജീവനക്കാർ മോതിരം മോഷ്ടിച്ചിരിക്കാം എന്നാരോപിച്ച് ഇവർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
തുടർന്ന് ഹോട്ടൽ അധികൃതർ അരിച്ചുപെറുക്കി നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച രാവിലെ വാക്വം ക്ലീനറിന്റെ ബാഗിൽനിന്നു മോതിരം കണ്ടെത്തിയത്.