തലയോലപ്പറന്പ്: പോലീസ് പൊക്കുമെന്നുറപ്പായതോടെ കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമയ്ക്കു മടക്കി നൽകി യുവാവ് തടിതപ്പി. മറവൻതുരുത്തു സ്വദേശിയായ യുവാവിനാണ് മോതിരം കളഞ്ഞുകിട്ടിയത്. കഴിഞ്ഞ അഞ്ചിന് രാവിലെ 11ന് തലയോലപ്പറന്പിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ഇല്ലിതൊണ്ട് ഗിരിജാ നിവാസിൽ പുഷ്പൻമാഷിന്റെ മോതിരമാണു നഷ്ടപ്പെട്ടത്. ബസ്സ്റ്റാൻഡ് ജംഗഷനു സമീപമുള്ള ജൂവലറിയിൽനിന്നു മോതിരം വാങ്ങി മടങ്ങുന്നതിനിടെ കയ്യിൽനിന്നു താഴെ വീണു നഷ്ടപ്പെടുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി കാമറയിൽ മോതിരം കിട്ടിയ ആളുടെ ദൃശ്യങ്ങൾ പതിഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. റോഡിന്റെ എതിർവശത്തുകൂടി നടന്നുപോയ ആൾ റോഡ് മുറിച്ചുകടന്നുവന്നു റോഡിൽനിന്നു മോതിരം എടുത്തു കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കൂടിനുള്ളിലാക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കാമറയിൽ പതിഞ്ഞിരുന്നു.
ഉടമ കാമറാ ദൃശ്യങ്ങളുൾപ്പെടെ തലയോലപ്പറന്പ് പോലീസിൽ പരാതി നൽകി. മോതിരം കളഞ്ഞുകിട്ടിയ ആളുടെ ചിത്രം സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് പോലീസ് ഊർജിതമായി അന്വേഷിച്ചുവരുന്നതായും മോതിരം കിട്ടിയ ആൾ പോലീസ് നിരീക്ഷണത്തിലാണെന്നും കാണിച്ച് കഴിഞ്ഞ 12ന് രാഷ്ട്രദീപികയിൽ വാർത്ത വന്നതോടെ ഭയപ്പാടിലായ യുവാവ് പിടിവീഴുമെന്നുവന്നപ്പോൾ മോതിരം മടക്കി നൽകുകയായിരുന്നു.