പരിയാരം: കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി മൊബൈലുകളിൽ റിംഗ്ടോണിൽ കേൾക്കുന്ന പരസ്യം പൊല്ലാപ്പാകുന്നു.
ഒരാൾ ചുമയ്ക്കുന്ന സ്വരമാണ് പരസ്യത്തിൽ ആദ്യം കേൾക്കുന്നത്. റിംഗ്ടോണിൽ കേൾക്കുന്നതുപോലെയുള്ള ചുമയുണ്ടെന്നു പറഞ്ഞ് നൂറിലേറെപ്പേർ ഇന്നലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഒപിയിലെത്തിയതായി അധികൃതർ പറഞ്ഞു.
അലർജിയുടെ ഭാഗമായി ചെറിയ ജലദോഷമുള്ളവരും ചുമയുള്ളവരുമെല്ലാം കൊറോണയുണ്ടോയെന്ന സംശയവുമായി മെഡിക്കൽ കോളജിൽ എത്തുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ പലരെയും രോഗാതുരരാക്കി മാറ്റുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്.
അതേസമയം,കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കൊറോണയെന്ന് സംശയിക്കുന്ന അഞ്ചു പേരെക്കൂടി 803-ലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി.
ഇവരിൽനിന്നെടുത്ത രക്തസാമ്പിളുകളും മറ്റും ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ് അറിയിച്ചു.