അയർലൻഡിനെതിരായ ആദ്യ ട്വന്റി-20 ക്രിക്കറ്റിൽ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയുടെ കൈയിൽനിന്ന് ക്യാപ്പ് സ്വന്തമാക്കിയ റിങ്കു സിംഗിന് ബാറ്റ് കൈയിൽ എടുക്കേണ്ടിവന്നില്ല. എന്നാൽ, രണ്ടാം മത്സരത്തിൽ റിങ്കു കൊടുങ്കാറ്റായി.
കില്ലർ ബാറ്റിംഗുമായി റിങ്കു സിംഗ് എന്ന ഇരുപത്തഞ്ചുകാരൻ ക്രീസിൽ തകർത്താടി. രാജ്യാന്തര ക്രിക്കറ്റിൽ റിങ്കുവിന്റെ ആദ്യ സംഹാര താണ്ഡവമായിരുന്നു അത്.
21 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 180.95 സ്ട്രൈക്ക് റേറ്റിൽ റിങ്കു നേടിയത് 38 റണ്‍സ്. 33 റണ്‍സിന് ഇന്ത്യ ജയിച്ചപ്പോൾ പ്ലെയർ ഓഫ് ദ മാച്ചും റിങ്കുതന്നെ.
ഡെത്ത് ഓവർ സ്പെഷൽ
2023 ഐപിഎല്ലിൽ റിങ്കു സിംഗിന്റെ മാസ്മരിക ബാറ്റിംഗ് ക്രിക്കറ്റ് ലോകം കണ്ടതാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരേ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സർ പറത്തി ഡെത്ത് ഓവറിലെ (16 മുതൽ 20 ഓവർ വരെ) കില്ലറാണു താനെന്ന് റിങ്കു തെളിയിച്ചു.
ഡെത്ത് ഓവറുകളിൽ 2023ൽ റിങ്കു സിംഗ് ഇതുവരെ നേടിയത് 308 റണ്‍സാണ്. സ്ട്രൈക്ക് റേറ്റ് 190.12, അടിച്ചത് 25 സിക്സും 20 ബൗണ്ടറിയും. ബൗണ്ടറിയേക്കാൾ കൂടുതലാണ് ഡെത്ത് ഓവറിൽ റിങ്കുവിന്റെ സിക്സർ എന്നതാണു ശ്രദ്ധേയം. അയർലൻഡിനെതിരേ പ്ലെയർ ഓഫ് ദ മാച്ചായപ്പോഴും ബൗണ്ടറിയേക്കാൾ (2) കൂടുതലായിരുന്നു റിങ്കുവിന്റെ ബാറ്റിൽനിന്നു പിറന്ന സിക്സ് (3).
ഇന്ത്യൻ ക്രിക്കറ്റിൽ ഡെത്ത് ഓവർ ബൗളിംഗിൽ ജസ്പ്രീത് ബുംറ, അർഷദീപ് സിംഗ് എന്നിവർ മികച്ചവരാണെന്ന് ഇതിനോടകം തെളിഞ്ഞു. എന്നാൽ, ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ബാറ്റർ ഇതുവരെ ഇല്ലായിരുന്നു. അതിനുള്ള പരിഹാരമാണു റിങ്കു സിംഗ്.
കരിയറിൽ ഡെത്ത് ഓവറുകളിൽ റിങ്കു സിംഗ് ഇതുവരെ 22 ഇന്നിംഗ്സിൽനിന്നു നേടിയത് 473 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 188.44, സിക്സർ 34, ബൗണ്ടറി 36. ഈ മാസ്മരികതയാണ് റിങ്കു സിംഗിനെ ഇന്ത്യൻ ജഴ്സിയിലെത്തിച്ചത്.
2023ൽ ഡെത്ത് ഓവറിൽ റിങ്കു സിംഗ് നേടിയത് 308 റണ്‍സ്!