ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലൂടെ രാജ്യാന്തര വേദിയിലേക്ക് ഇടിച്ചു കയറിയ ബാറ്ററാണ് റിങ്കു സിംഗ് എന്ന ഉത്തർപ്രദേശ് സ്വദേശി. ഫിനിഷർ എന്ന റോളിൽനിന്ന് പക്വതയാർന്ന രാജ്യാന്തര ബാറ്ററിലേക്കുള്ള യാത്രയിലാണ് റിങ്കു. സിക്സർ അടിക്കുക എന്നതാണ് റിങ്കുവിന്റെ ഇഷ്ടവിനോദം.
റിങ്കു സിക്സസ് ദേശീയ ജഴ്സിയിൽ സക്സസ് ആയിരിക്കുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ അത്തരമൊരു സിക്സർ ക്രിക്കറ്റ് ആരാധകർ കണ്ടു.
എയ്ഡൻ മാർക്രത്തിന്റെ പന്തിൽ റിങ്കു പറത്തിയ സിക്സർ മീഡിയ ബോക്സിന്റെ ചില്ലുകൾ പൊട്ടിച്ചു. ഗ്ലാസ് പൊട്ടിക്കുമെന്നറിഞ്ഞല്ല ഞാൻ ആ സിസ്കർ പറത്തിയത്, ക്ഷമിക്കണം – ചിരിയോടെ പിന്നീട് റിങ്കു പറഞ്ഞു.
ഐപിഎല്ലിൽ ഫിനിഷർ റോളറിലായിരുന്നു റിങ്കു ശ്രദ്ധിക്കപ്പെട്ടത്. 2018 മുതൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളിക്കാരനായ റിങ്കു, 2023 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സർ പറത്തി ടീമിനെ ജയത്തിലെത്തിച്ചു.
അവസാന ഓവറിൽ 29 റണ്സ് ജയിക്കാൻ വേണ്ടിയപ്പോഴായിരുന്നു ഐപിഎൽ ചരിത്രം കുറിച്ച ആ ഫിനിഷിംഗ്… അതോടെ ദേശീയ ടീമിന്റെ വാതിൽ റിങ്കുവിനു മുന്നിൽ തുറക്കപ്പെട്ടു.
നന്പർ 5/6
2024 ഐസിസി ട്വന്റി-20 ലോകകപ്പിൽ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു റിങ്കു സിംഗ് എന്നു പറഞ്ഞാൽ അദ്ഭുതപ്പെടേണ്ട. കാരണം, ദക്ഷിണാഫ്രിക്കയ്ക്കെതിരേ രണ്ടാം ട്വന്റി-20യിൽ അഞ്ചാം നന്പറായി ക്രീസിലെത്തി 39 പന്തിൽ 68 നോട്ടൗട്ടുമായി ക്രീസിൽ തലയുയർത്തിനിന്ന റിങ്കു, ഫിനിഷറിനുപ്പുറം തനിക്ക് മറ്റൊരു മുഖംകൂടിയുണ്ടെന്ന് വ്യക്തമാക്കി. ഇരുത്തംവന്ന ഇന്നിംഗ്സായിരുന്നു റിങ്കു കാഴ്ചവച്ചത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആറാം നന്പറിൽ ഏറ്റവും അനുയോജ്യൻ റിങ്കുവാണെന്ന് ഇതിനോടകം രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് നിരീക്ഷകർ നിലപാടറിയിച്ചു എന്നതും ശ്രദ്ധേയം.
2023 ഓഗസ്റ്റ് 18ന് അയർലൻഡിനെതിരേയായിരുന്നു റിങ്കുവിന്റെ രാജ്യാന്തര ട്വന്റി-20 അരങ്ങേറ്റം. വെറും ഏഴ് ഇന്നിംഗ്സ് കൊണ്ട് ഇന്ത്യയുടെ മധ്യനിര വിശ്വസ്തനായി റിങ്കു മാറി എന്നതാണ് വാസ്തവം. ഇന്ത്യക്കായി 11 ട്വന്റി-20 കളിച്ച റിങ്കു, ഏഴ് ഇന്നിംഗ്സിൽ 268 റണ്സ് നേടി. 183.70 ആണ് സ്ട്രൈക്ക് റേറ്റ്.
കഠിന വഴികൾ താണ്ടി
സാന്പത്തിക ശേഷി വേണ്ടുവോളമുള്ള കുടുംബമല്ല റിങ്കുവിന്റേത്. അലിഗഡിലെ ഒരു സാധാരണ കുടുംബത്തിലെ അഞ്ച് മക്കളിൽ മൂന്നാമനാണ് റിങ്കു. ഗ്യാസ് വിതരണ കന്പനിയിലെ ജീവനക്കാരനായിരുന്നു റിങ്കുവിന്റെ അച്ഛൻ. ഉത്തർപ്രദേശ് അണ്ടർ 16, 19, 23 ടീമിൽ കളിച്ചു.
2014ൽ ലിസ്റ്റ് എയിലും 2016-17ൽ ഫസ്റ്റ് ക്ലാസിലും ഉത്തർപ്രദേശിനായി അരങ്ങേറി. 2018-19 രഞ്ജി ട്രോഫിയിൽ ടോപ് സ്കോററായിരുന്നു. 2017ൽ പഞ്ചാബ് കിംഗ്സിലൂടെ ഐപിഎല്ലിൽ ത്തെി.
2019 മേയിൽ ബിസിസിഐയുടെ വിലക്ക് നേരിട്ട ചരിത്രവും റിങ്കുവിനുണ്ട്. ബിസിസിഐയുടെ അനുമതിയില്ലാതെ അബുദാബിയിൽ ട്വന്റി-20 ടൂർണമെന്റ് കളിച്ചതിനായിരുന്നു അത്.
തിരിച്ചുവരാൻ ഇന്ത്യ
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം ജയം മാത്രം. ഇന്ന് ജയിച്ചാൽ മാത്രമേ പരന്പര ഇന്ത്യക്ക് സമനിലയിൽ അവസാനിപ്പിക്കാൻ സാധിക്കൂ. ആദ്യ മത്സരം മഴയിൽ മുടങ്ങിയപ്പോൾ രണ്ടാം ട്വന്റി-20 ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിനു ജയിച്ചിരുന്നു.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, തിലക് വർമ എന്നിവർ മാത്രമേ ബാറ്റിംഗിൽ തിളങ്ങിയുള്ളൂ. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളും പൂജ്യത്തിനു പുറത്തായശേഷമായിരുന്നു അർധസെഞ്ചുറിയിലൂടെ സൂര്യകുമാറും (56) റിങ്കുവും (68*) ഇന്ത്യയെ പോരാടാനുള്ള സ്കോറിൽ എത്തിച്ചത്. ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.
റിങ്കു ഇന്നിംഗ്സ്
രാജ്യാന്തര ട്വന്റി-20
38 (21) Vs അയർലൻഡ്
37* (15) Vs നേപ്പാൾ
22* (14) Vs ഓസ്ട്രേലിയ
31* (9) Vs ഓസ്ട്രേലിയ
46 (29) Vs ഓസ്ട്രേലിയ
6 (8) Vs ഓസ്ട്രേലിയ
68* (39) Vs ദക്ഷിണാഫ്രിക്ക