എന്നാലും എന്റെ ഏഷ്യാനെറ്റേ, നിങ്ങളുടെ വെബ്‌ഡെസ്‌ക്കില്‍ ആ സാധനം ഉള്ള ആരുമില്ലേ; മാധ്യമ വാര്‍ത്തയ്‌ക്കെതിരെ പ്രതിഷേധവുമായി സികെ വിനീതും റിന്റോ ആന്റോയും രംഗത്ത്

ഐ.എസ്.എല്‍ നാലാം സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യം ടീമിനെ പരിശീലിപ്പിച്ച റെന മ്യൂളെന്‍സ്റ്റീന്‍ പകുതിവെച്ച് ടീമിനെ ഉപേക്ഷിച്ച് മടങ്ങിയപ്പോള്‍ പകരക്കാരനായി ഡേവിഡ് ജയിംസ് എന്ന മഞ്ഞപ്പടയുടെ ജയിംസേട്ടന്‍ ടീമിനെ കൈപിടിച്ചുയര്‍ത്താന്‍ എത്തുകയായിരുന്നു. ജയിംസിന്റെ മടങ്ങിവരവ് ടീമിന് പുത്തനുണര്‍വ് നല്‍കിയപ്പോഴും ആരാധകര്‍ മുന്‍ പരിശീലകന്‍ കൊപ്പലാശാനെന്ന സ്റ്റീവ് കൊപ്പലിനെക്കുറിച്ചാണ് ചര്‍ച്ചചെയ്തിരുന്നത്. എന്നാല്‍ കൊപ്പല്‍ ടീം വിടാന്‍ കാരണമായത് സി.കെ വിനീതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ കൊപ്പല്‍ ടീം വിടാന്‍ കാരണം ടീമിലുണ്ടായിരുന്ന മെഹ്താബ് ഹുസൈനെ നിലനിര്‍ത്താതാണെന്നാണ് പറയുന്നതെങ്കിലും തലക്കെട്ടില്‍ സി.കെ വിനീതാണ് കൊപ്പലിനെ ബ്ലാസ്റ്റേഴ്സില്‍ നിന്നും അകറ്റാന്‍ കാരണമായതെന്ന അര്‍ത്ഥം നല്‍കുന്നതായിരുന്നു. ഇത്തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്.കോം പ്രസിദ്ധീകരിച്ച വാര്‍ത്ത ഷെയര്‍ ചെയ്താണ് വിനീത് പ്രതിഷേധം രേഖപ്പെടുത്തിയത്. ഫേസ്ബുക്കില്‍ വാര്‍ത്ത ഷെയര്‍ ചെയ്ത വിനീത് വാര്‍ത്ത കണ്ട് താന്‍ പേടിച്ചെന്നും മാന്യതയുള്ള ആരും വെബ്ഡെസ്‌ക്കില്‍ ഇല്ലേയെന്നും ചോദിച്ചു.

‘എന്നാലും എന്റെ ഏഷ്യാനെറ്റെ, സത്യായിട്ടും ഞാന്‍ ഒന്ന് പേടിച്ചു , ആ ഹെഡ്‌ലൈന്‍ ഇല്‍ ഇത്തിരി മാന്യത കാണിക്കായിരുന്നു നിങ്ങളുടെ വെബ്ഡെസ്‌കില്‍ ആ സാധനം ഉള്ള ആരും ഇല്ലേ ??’ വിനീത് ചോദിച്ചു. വിനീതിന്റെ പോസ്റ്റിനു പിന്നാലെ സഹതാരം റിനോ ആന്റോയും വാര്‍ത്തയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. ‘ആ സാധനം ഉള്ള ആരും ഇല്ലേ??’ എന്ന തലക്കെട്ടോടെയായിരുന്നു റിനോ പോസ്റ്റ് ഷെയര്‍ ചെയ്തത്. താരങ്ങളുടെ പ്രതികരണം എത്തിയതിനു പിന്നാലെ ഏഷ്യാനെറ്റ് ഓണ്‍ലൈന്‍.കോം തലവാചകം മാറ്റി വാര്‍ത്ത പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘ഏഷ്യാനെറ്റ് അവരുടെ തെറ്റ് തിരുത്തി. ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലുള്ള തലക്കെട്ടുകള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ’ എന്ന തലക്കെട്ടോടെ വിനീത് ഈ വാര്‍ത്തയും ഷെയര്‍ ചെയ്തു.

Related posts