കോട്ടയം: കോട്ടയത്തിന്റെ പെരുമ ഇനി ഓസ്കാർ വേദിയിലേക്കും. കോട്ടയം മീനടം സ്വദേശി റിന്റു തോമസിന്റെ ഡോക്യുമെന്ററി ഓസ്കാർ നാമനിർദേശ പട്ടികയിൽ എത്തിനിൽക്കുന്പോൾ ദേശത്തിനും അഭിമാനം.
മീനടം കുറിയന്നൂർ വീട്ടിലെ ബന്ധുക്കൾ പ്രാർഥനാപൂർവം കാത്തിരിക്കുകയാണ് തങ്ങളുടെ കൊച്ചുമകളുടെ ലോകോത്തര നേട്ടത്തിനായി.
ഓസ്കാറിൽ ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്നു നിർമിച്ച റൈറ്റിംഗ് വിത്ത് ഫയർ എന്ന ഡോക്യുമെന്ററിയാണു അവസാന പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിനിമ നിർമാതാക്കളാണ് ഇരുവരും. ബെസ്റ്റ് ഡോക്യുമെന്ററി വിഭാഗത്തിൽ 94 -ാമത് അക്കാദമി പുരസ്കാരത്തിനായി മത്സരിക്കുന്ന അവസാന അഞ്ചു ചിത്രങ്ങളുടെ പട്ടികയിലാണ് റൈറ്റിംഗ് വിത്ത് ഫയർ ഇടം നേടിയത്.
ബുന്ദേൽഖണ്ഡ് എന്ന പ്രദേശത്തു ഒരു ദളിത് പെണ്‍കുട്ടി നടത്തുന്ന ഖബർ ലഹാരിയ എന്ന പത്രത്തിന്റെ അച്ചടിയിൽനിന്നും ഡിജിറ്റലിലേക്കുള്ള പരിവർത്തനത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററി കഴിഞ്ഞ ജനുവരിയിൽ സണ്‍ഡാൻസ് ഫിലിം ഫെസ്റ്റിവലിൽ സ്പെഷൽ ജൂറി പുരസ്കാരം നേടിയിരുന്നു.
കൂടാതെ മറ്റ് 28 ൽ അധികം അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടി.റിന്റു തോമസും സുഷ്മിത് ഘോഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർമാണവും നിർവഹിച്ചിരിക്കുന്നത്.
സുഷ്മിത് ഘോഷും കരണ്‍ താപ്ലിയാലുമാണ് ഛായാഗ്രാഹകർ. തങ്ങൾ വളരെ സന്തോഷത്തിലാണെന്നും ഇന്ത്യൻ സിനിമയ്ക്കും ഞങ്ങൾക്കും വളരെ അഭിമാനമുള്ള നിമിഷമാണിതെന്നും ഒരു ഇന്ത്യൻ ഡോക്യുമെന്ററി അക്കാദമി അവാർഡിന് വേണ്ടി നോമിനേറ്റ് ചെയ്യപ്പെടുന്നത് ചരിത്രമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.
ഡൽഹിയിൽ ബിഎൽജി ഗ്രൂപ്പ് കന്പനി ഡയറക്ടറായ മീനടം കുറിയന്നൂർ രാജു തോമസിന്റെയും സെന്റ് ഗ്രിഗോറിയോസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിജി രാജുവിന്റെയും മകളാണ് റിന്റു തോമസ്.
40 വർഷമായി ഇവർ കുടുംബസമേതം ഡൽഹിയിലാണ്. മാതാപിതാക്കൾ കഴിഞ്ഞ വർഷം മീനടത്ത് എത്തിയിരുന്നെങ്കിലും ഡോക്യുമെന്ററിയുടെ തിരക്കിനാൽ കഴിഞ്ഞ മൂന്നു വർഷമായി റിന്റുവിനു നാട്ടിലെത്താനായിട്ടില്ല. റിന്റുവിന്റെ സഹോദരി ജിനുവും ഭർത്താവ് വിശാൽ ജോർജും കാനഡയിലാണ്.