ചേർപ്പ്: പ്രളയദുരിതബാധിതർക്ക് അരി വിതരണം നടത്തി നവദന്പതികൾ മാതൃകയായി. പള്ളിപ്പുറം പൂവത്തിങ്കൽ രാജന്റെ മകൻ റിന്റുവിന്റെ വിവാഹം ഓഗസ്റ്റ് 27 നാണ് നടന്നത്. വിവാഹത്തിനുശേഷം പ്രളയദുരിതബാധിതർക്ക് എന്തെങ്കിലും സഹായം നൽകണമെന്ന് റിന്റുവും ഭാര്യ സരിഗയും തീരുമാനിക്കുകയായിരുന്നു.
പള്ളിപ്പുറം പ്രദേശത്ത് നിരവധി പേരാണ് പ്രളയം കാരണം ദുരിതാവസ്ഥയിലായത്. അവർക്ക് 10 കിലോ അരി വീതം നൽകാൻ നവദന്പതികൾ തീരുമാനം എടുത്തതോടെ വീട്ടുകാരും പൂർണസമ്മതം നൽകി. അങ്ങനെ കഴിഞ്ഞദിവസം ദുരിതബാധിതർക്ക് അരി വിതരണം ചെയ്യുകയായിരുന്നു.നാട്ടിക നിയോജക മണ്ഡലം എംഎൽഎ ഗീതാ ഗോപിയാണ് വിതരണോദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ഷീലാ വിജയകുമാർ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി സണ്ണി, പാറളം ഗ്രാമപഞ്ചായത്തംഗം കെ.എസ് നിഖിൽ, പള്ളിപ്പുറം ആലപ്പാട് കോൾഫാമിംഗ് സഹകരണസംഘം പ്രസിഡന്റ് സി.എസ് പവനൻ, സിപിഐ പാറളം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുബാഷ് മാരാത്ത്, ഡോ. കെ വിജയരാഘവൻ എന്നിവർ സന്നിഹിതരായിരുന്നു.