തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഐടിയു യൂണിയന് യോഗത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം. മാനേജ്മെന്റും സിഎംഡി ടോമിന് തച്ചങ്കരിയും നടപ്പാക്കിവരുന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍ പ്രതിരോധിക്കാന്‍ സിപിഎമ്മും സര്‍ക്കാരും തയ്യാറാകുന്നില്ലെന്നാണ് കെ.എസ്.ആര്.ടി.സിയിലെ ഭരണപക്ഷ തൊഴിലാളി സംഘടനയായ കെ.എസ്.ആര്.ടി.ഇ.എ.(സി.ഐ.ടി.യു) സംസ്ഥാന വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്.
ഇന്നലെ തിരുവനന്തപുരം ബി.ടി.ആര്. ഭവനില്‍ ചേര്‍ന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 16 പ്രവര്‍ത്തക ജില്ലാ കമ്മിറ്റികളില്‍നിന്നുള്ള ഭൂരിപക്ഷം പ്രതിനിധികളും സിപിഎമ്മിനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ചു. നേതാക്കള്‍ ഏറെ പണിപ്പെട്ടാണു പ്രതിനിധികളുടെ രോഷം ശമിപ്പിച്ചത്.യൂണിയനെ ആവശ്യമില്ലെങ്കില്‍ അക്കാര്യം സിപിഎം തുറന്നുസമ്മതിക്കണമെന്നാണ് പ്രതിനിധികളുടെ ആവശ്യം.
കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമാണെന്ന് ഗതാഗതമന്ത്രിയും സിഎംഡിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതല്ല സര്‍ക്കാരിന്റെ നയമെന്നാണ് യൂണിയന് യോഗങ്ങളില്‍ ഉയരുന്ന അഭിപ്രായം. ആനത്തലവട്ടവും വൈക്കം വിശ്വനും യൂണിയന്‍കാരുടെ ഒപ്പമാണെങ്കിലും സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ യൂണിയനെ ആവശ്യമില്ലെങ്കില്‍ സിഐടിയു. അഫിലേഷന് വിട്ട് സ്വതന്ത്രമായി നില്ക്കണമെന്നു പ്രതിനിധികള്‍ തുറന്നടിച്ചു.
സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്ന സംസ്ഥാന നേതാക്കള്‍ക്ക് ഇക്കുറി വിമര്‍ശനമുണ്ടായില്ല. മുഖ്യമന്ത്രിയ്ക്കും പാര്‍ട്ടിസെക്രട്ടറിയ്ക്കും നേരെ ഇക്കുറി വിമര്‍ശനമുയര്‍ന്നത് ശ്രദ്ധേയമായി.തൊഴിലാളി വിരുദ്ധനയം തുടര്‍ന്നാല്‍ തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാലര ലക്ഷത്തോളം പേര് സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരാകുമെന്ന മുന്നറിയിപ്പും പ്രതിനിധികള്‍ നല്കി. മുതിര്‍ന്ന എല്‍.ഡി.എഫ്. നേതാവും സി.പി.ഐ. ദേശീയ നേതാവുമായ പന്ന്യന്‍ രവീന്ദ്രനെതിരേ സിഎംഡി. മാനനഷ്ടക്കേസ് നല്‍കിയിട്ട് ഒരു സിപിഎം. നേതാവുപോലും പ്രതികരിക്കാത്തതും ചര്‍ച്ചയായി.
സിംഗിള്‍ ഡ്യൂട്ടി മൂലം പൊതുജനം റോഡില്‍ നരകിക്കുകയാണ്, ശമ്പള പരിഷ്കരണ കാലാവധി കഴിഞ്ഞിട്ട് രണ്ടു വര്‍ഷമായിട്ടും മാനേജ്മെന്റ് നടപടി സ്വീകരിക്കുന്നില്ല, യൂണിയന്കാരല്ലാത്തവര്ക്കും യൂണിയനില്‍നിന്നു വിടുതല്‍ വാങ്ങുന്നവര്‍ക്കും അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് എംഡി. സ്ഥലംമാറ്റം അനുവദിക്കുന്നു തുടങ്ങി നിരവധി പരാതികള്‍ സമ്മേളനത്തില്‍ ഉയര്‍ന്നു. എന്തായാലും വരും ദിനങ്ങളില്‍ പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.