ന്യൂഡൽഹി: ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ചടങ്ങിൽ ആലപിക്കുന്ന “എബൈഡ് വിത്ത് മി’ എന്ന ഗാനം ഒഴിവാക്കുന്നു. ജനുവരി 29-ന് നടക്കുന്ന ചടങ്ങിൽ ഈ ഗാനം ഒഴിവാക്കി “വന്ദേമാതരം’ ഉൾപ്പെടുത്തുമെന്നാണു റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമില്ല.
റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിംഗ് ദി റിട്രീറ്റിൽ “എബൈഡ് വിത്ത് മി’ (ഒപ്പം വസിക്കൂ) എന്ന ഇംഗ്ലീഷ് ഗാനമാണ് ഇതുവരെ സൈന്യത്തിന്റെ വാദ്യവൃന്ദം വായിച്ചിരുന്നത്. ഗാന്ധിജിക്കു പ്രിയപ്പെട്ട ഗാനമായിരുന്നു ഇത്.
സ്കോട്ടിഷ് ആംഗ്ലിക്കൻ എഴുത്തുകാരനായ ഹെന്റി ഫ്രാൻസിസ് ലൈറ്റ് രചിച്ച ഈ ഗാനമാണ് “എബൈഡ് വിത്ത് മി’. ഇതാണ് 45 മിനിറ്റ് നീളുന്ന റിപ്പബ്ലിക് ദിന വാദ്യങ്ങളിൽ ആലപിക്കുന്ന ഏക ഇംഗ്ലീഷ് ഗാനം. “എബൈഡ് വിത്ത് മി’ വായിക്കുന്പോൾ രാഷ്ട്രപതിഭവൻ സ്ഥിതിചെയ്യുന്ന റെയ്സിന ഹിൽസിലെ വിളക്കുകൾ തെളിയുന്നതോടെയാണു റിപ്പബ്ലിക് ദിനാഘോഷങ്ങൾ സമാപിക്കുക.
1847 ൽ യൂറോപ്പിലെ മഹാക്ഷാമകാലത്താണ് എബൈഡ് വിത്ത് മീ എന്ന ഗാനം രചിക്കപ്പെട്ടത് എന്നു കരുതപ്പെടുന്നു. മഹാത്മ ഗാന്ധി മൈസൂർ രാജ കൊട്ടാരം സന്ദർശിക്കുന്ന വേളയിൽ ഈ ഗാനം അവതരിപ്പിച്ചിരുന്നു എന്നാണു പറയപ്പെടുന്നത്. ടൈറ്റാനിക്ക് എന്ന ആഢംബരക്കപ്പൽ മുങ്ങിത്താഴുന്പോൾ ഈ ഗാനം കപ്പലിലെ ബാന്റു സംഘം ആലപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.