കൽപ്പറ്റ: തെക്കേവയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ചിൽപ്പെട്ട തൊള്ളായിരം വനത്തിൽ റിപ്ലി മൂങ്ങയെ(ശ്രീലങ്കൻ ബേ ഔൾ) കണ്ടെത്തി. സംസ്ഥാന വനം വകുപ്പ്, തൃശൂർ ഫോറസ്ട്രി കോളജ്, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി എന്നിവ സംയുക്തമായി സൗത്ത് വയനാട് വനം ഡിവിഷനിൽ നടത്തിയ മഴക്കാല പക്ഷി സർവേയിലാണ് പശ്ചിമഘട്ടത്തിലെ അത്യപൂർവ ഇനത്തിൽപ്പെട്ട റിപ്ലി മൂങ്ങയെ കണ്ടത്.
തൊള്ളായിരത്തിലെ നിബിഡ വനത്തിൽ പരുന്തിനെ പിന്തുടരുന്നതിനിടെ അപ്രതീക്ഷിതിമായാണ് റിപ്ലി മൂങ്ങ ശ്രദ്ധയിൽപ്പെട്ടതെന്ന് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു. പക്ഷിനീരീക്ഷകൻ ഷബീർ തുറക്കലാണ് റിപ്ലി മൂങ്ങയുടെ ചിത്രം പകർത്തിയത്. സംസ്ഥാനത്ത് ആദ്യമായി 1978ൽ സൈലന്റ് വാലിയിലാണ് റിപ്ലി മൂങ്ങയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പത്തു വർഷം മുന്പ് വടക്കേ വയനാട്ടിലെ പേരിയ വനത്തിലും ഈയിനം മൂങ്ങയെ കണ്ടിരുന്നു.
സമുദ്രനിരപ്പിൽനിന്നു 1,000 മുതൽ 2,200 മീറ്റർ വരെ ഉയരമുള്ള കൊടുമുടികൾ ഉൾപ്പെടുന്ന തെക്കേവയനാട്ടിലെ വെള്ളരിമല, എളന്പിലേരിമല, ചെന്പ്രമല, മണ്ടമല, വണ്ണാത്തിമല, കുറിച്യർമല, ഈശ്വരമുടി, ബാണാസുരമല തുടങ്ങിയ സ്ഥലങ്ങളിൽ ഇക്കഴിഞ്ഞ എട്ട്, ഒന്പത്, 10 തീയതികളിലായിരുന്നു സർവേ. പശ്ചിമഘട്ടത്തിലെ ഏറ്റവും അപൂർവമായ സസ്യ-പക്ഷി വൈവിധ്യത്താൽ സന്പന്നമാണ് തെക്കേവയനാട്ടിലെ മലനിരകൾ.
ആകെ 118 ഇനം പക്ഷികളെയാണ് സർവേയിൽ കാണാനായത്. ഉയരംകൂടിയ പുൽമേടുകളിൽ മാത്രം വസിക്കുന്ന നെൽപൊട്ടൻ, പോതക്കിളി എന്നിവയെ ചെന്പ്രമല, വണ്ണാത്തിമല, കുറിച്യർമല, ബാണാസുരൻമല എന്നിവിടങ്ങളിൽ ധാരാളമായി കാണാനായി. ഒന്പത് ഇനം പരുന്തും ഏഴിനം ചിലപ്പനും അഞ്ചിനം പ്രാവും അഞ്ച് ഇനം മരംകൊത്തിയും ആറിനം ബുൾബുളും സർവേ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
ബാണാസുരസാഗർ അണക്കെട്ടിൽ വലിയ നീർക്കാക്ക, ചെറിയ നീർക്കാക്ക, കിന്നരി നീർക്കാക്ക, ചേരക്കോഴി, പുള്ളിച്ചുണ്ടൻ താറാവ് എന്നിവയെ കണ്ടു. കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ 35 പക്ഷിനിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ഡോ. ആർ.എൽ. രതീഷ്, ശ്വേത ഭാരതി, സഹന, അരുണ് ചുങ്കപ്പള്ളി, അരവിന്ദ് അനിൽ, രാഹുൽ രാജീവൻ, മുഹമ്മദ് അസലം, വി.കെ. അനന്തു, മുനീർ തോൽപ്പെട്ടി, ബി. അനുശ്രീ, ഷബീർ തുറക്കൽ, സബീർ മന്പാട്, ശബരി ജാനകി എന്നിവർ ഇതിൽ പ്രമുഖരാണ്.
സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുൾ അസീസ്, റേഞ്ച് ഓഫീസർമാരായ പി.കെ. അനൂപ്കുമാർ, ബി. ഹരിശ്ചന്ദ്രൻ, ഡപ്യൂട്ടി റേഞ്ച് ഓഫീസർ ആസിഫ്, സെക്ഷൻ ഓഫീസർമാരായ കെ.ഐ.എം. ഇക്ബാൽ, പ്രശാന്ത്, എസ്. പ്രഭാകർ എന്നിവർ നേതൃത്വം നൽകി. ഓഗസ്റ്റ് 24,25,26 തീയതികളിൽ വടക്കേ വയനാട് വനം ഡിവിഷനിലെ മാനന്തവാടി, ബേഗൂർ, പേര്യ റേഞ്ചുകളിൽ നടത്തിയ സർവേയിൽ 92ഉം ജൂലൈ 15,16,17 തീയതികളിൽ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, കുറിച്യാട്, ബത്തേരി, തോൽപ്പെട്ടി റേഞ്ചുകളിൽ നടത്തിയ സർവേയിൽ 127ഉം ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു.