കൊച്ചി: പോണേക്കര ഇരട്ടക്കൊലപാതക കേസ് പ്രതി റിപ്പര് ജയാനന്ദനെ കുടുക്കിയത് സഹ തടവുകാരനോടുള്ള മനസു തുറക്കല്. സെന്ട്രല് ജയിലില് മൂന്നുപേര് മാത്രമുള്ള അതിസുരക്ഷ സെല്ലില് വച്ചാണ് ജയാനന്ദന് സഹതടവുകാരനോട് മനസു തുറന്നത്.
പുത്തന്വേലിക്കരയില് സ്ത്രീയെ കൊലപ്പെടുത്തിയ കേസില് ജയാനന്ദന് നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. ഇതു പിന്നീട് ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു. ഈ ശിക്ഷ തിരുവനന്തപുരം സെന്ട്രല് ജയിലില് അനുഭവിച്ചുവരികയായിരുന്നു.
അതീവ സുരക്ഷാ സെല്ലില് സുഹൃത്തായി മാറിയ സഹതടവുകാരനോട് പോണേക്കര ഇരട്ടക്കൊലപാതക വിവരങ്ങള് ജയാനന്ദന് പങ്കുവച്ചതാണ് കേസിനു തുമ്പായത്. തൃശൂരിലെ കോടതിയില് ഒരു കേസ് ഒഴിവായതിന്റെ സന്തോഷത്തിലാണ് ഇയാള് ഇക്കാര്യം പറഞ്ഞത്.
സഹതടവുകാരനില്നിന്നു ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇരട്ടക്കൊലപാതകം നടന്ന ദിവസം കുറ്റവാളിയെ കണ്ടെന്നു മൊഴി നല്കിയിരുന്ന അയല്വാസി, ജയാനന്ദനെ തിരിച്ചറിയുകയും ചെയ്തതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് 17 വര്ഷത്തിനു ശേഷം
ഇരട്ടക്കൊലപാതകം നടത്തി 17 വര്ഷത്തിനുശേഷമാണ് ക്രൈംബ്രാഞ്ച് ജയാനന്ദന് എന്ന റിപ്പര് ജയാനന്ദനെ അറസ്റ്റ് ചെയ്തത്. 2004 മേയ് 30നാണ് പോണേക്കര ഇരട്ടക്കൊലപാതകം നടന്നത്. ചേന്നംകുളങ്ങര ക്ഷേത്രത്തിനു സമീപം സംപൂര്ണ വീട്ടില് താമസിച്ചിരുന്ന നാണിക്കുട്ടിയമ്മാള്(74), ഇവരുടെ സഹോദരിയുടെ മകന് ടി.വി. നാരായണ അയ്യര് (രാജന് സ്വാമി-60) എന്നിവരാണ് കൊലചെയ്യപ്പെട്ടത്.
44 പവന് സ്വര്ണവും 15 ഗ്രാം വെള്ളിയും വീട്ടില്നിന്നു മോഷ്ടിച്ചു. നാണിക്കുട്ടിയമ്മാളിന്റെ തലയിലും മുഖത്തുമായി 12 മുറിവുകളുണ്ടായിരുന്നു. മൂക്കിന്റെ അസ്ഥി പൊട്ടിയിരുന്നു. ഇവരെ ലൈംഗികമായി ഉപദ്രവിച്ചതായും കണ്ടെത്തി.
നാരായണസ്വാമിയുടെ തലയുടെ പുറകിലായി ഒമ്പതു മുറിവുകളും തലയോടിന് പൊട്ടലുമുണ്ടായിരുന്നു. തലയിലും മുഖത്തുമേറ്റ മാരക മുറിവുകളാണ് മരണകാരണമെന്നും കണ്ടെത്തിയിരുന്നു.
കളമശേരി പോലീസ് നടത്തിയ കേസന്വേഷണത്തില് കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാല് നാട്ടുകാര് ആക്ഷന് കൗണ്സില് രൂപീകരിച്ച് നടത്തിയ പ്രതിഷേധത്തെത്തുടര്ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സാരി മോഷ്ടിച്ച് ഭാര്യക്കു നൽകി തുടക്കം
സാരി മോഷണമായിരുന്നു ജയാനന്ദന് ആദ്യം നടത്തിയത്. തൃശൂര് മാളയില് താമസിക്കുമ്പോള് അയല്വാസി ഉണങ്ങാനിട്ടിരുന്ന സാരിയാണ് ഇയാള് മോഷ്ടിച്ചത്. ഇത് ഭാര്യയ്ക്ക് സമ്മാനമായി നല്കി.
ഈ സാരിയുടുത്ത് ഭാര്യ അയല്വീട്ടില് വിവാഹസത്കാരത്തില് പോയത് യഥാര്ഥ ഉടമ തിരിച്ചറിഞ്ഞു. അതോടെയാണ് ജയാനന്ദനും ഭാര്യയും കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റിയത്.
പക്ഷേ ജയാനന്ദന് അന്നു മുതല് മോഷണം തന്റെ തൊഴിലായി സ്വീകരിച്ചു. മാള പുളിപ്പറമ്പില് പഞ്ഞിക്കാരന് ജോസിന്റെ കൊലപാതകമാണ് റിപ്പര് മോഡലില് ഇയാള് ആദ്യം നടത്തിയ കൊലപാതകം.
പ്രായമായവരെ കൊന്നു കവര്ച്ച
ജയാനന്ദന് ചെയ്യുന്ന കൊലയുടെ പൊതുസ്വഭാവം പ്രായമുള്ളവരെ കൊലപ്പെടുത്തി കവര്ച്ച നടത്തുക എന്നതായിരുന്നു. സ്ത്രീകളെ കൊലപ്പെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിക്കുകയും കൈപ്പത്തി വെട്ടിമാറ്റി വളകള് ഊരി എടുക്കുകയും ചെയ്തിരുന്നു.
കൈയില് സോക്സ് ധരിച്ചശേഷം പരിസരത്ത് കിട്ടുന്ന കമ്പിവടി, കമ്പിപ്പാര തുടങ്ങിയവ ഉപയോഗിച്ചാണ് കൊലപാതകം നടത്തുക. പോലീസ് നായ മണം പിടിക്കാതിരിക്കാന് മണ്ണെണ്ണ ഒഴിക്കുകയോ ഗ്യാസ് സിലണ്ടര് തുറന്നിടുകയോ മുളകുപൊടി വിതറുകയോ ചെയ്തിരുന്നു.
ഇക്കാര്യങ്ങള് മനസിലാക്കി നടത്തിയ അന്വേഷണത്തില് പറവൂര്, മാള, കൊടുങ്ങല്ലൂര്, ഭാഗങ്ങളില് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില് ഏര്പ്പെട്ടിരുന്ന ജയാനന്ദനെ പലതവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തെങ്കിലും കൃത്യം ഉറപ്പിക്കാനാകാത്തതാണ് കേസന്വേഷണം വര്ഷങ്ങള് നീണ്ടുപോയത്.
ജയാനന്ദനെതിരേ ഇതടക്കം ആറു കേസുകളിലായി എട്ട് കൊലപാതകക്കേസുണ്ട്. 2003 മുതല് 2006 വരെ കാലയളവിലാണ് ഇയാള് ആറു കേസുകളിലായി എട്ടു പേരെ കൊലപ്പെടുത്തിയത്. 15 ഓളം മോഷണം, പിടിച്ചുപറി കേസുകളുമുണ്ട്. മൂന്നുതവണ ഇയാള് ജയില് ചാടിയിരുന്നു.
മോഷണം, പിടിച്ചുപറി കേസുകളില് എട്ടെണ്ണത്തില് ഇയാളെ ശിക്ഷിച്ചിരുന്നു. 2007ല് വിയ്യൂര് ജയിലില്നിന്നും 2010ല് കണ്ണൂര് ജയിലില്നിന്നും 2013ല് പൂജപ്പുര സെന്ട്രല് ജയിലില്നിന്നുമാണ് ഇയാള് തടവ് ചാടിയത്. ദയാനന്ദനെ കസ്റ്റഡിയില് വാങ്ങിയ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിവരികയാണ്.