കൊച്ചി: ചെക്ക് കേസിൽ നടൻ റിസബാവയ്ക്ക് മൂന്നു മാസം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
എളമക്കര സ്വദേശിയായ സാദിഖ് നൽകിയ പരാതിയിൽ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 11 ലക്ഷം രൂപ പിഴ അടച്ചാൽ പരാതിക്കാരനായ സാദിഖിനു നൽകാനാണ് നിർദേശം. പണം നൽകിയില്ലെങ്കിൽ ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണം.
2014ൽ എളമക്കര സ്വദേശിയിൽനിന്നു 11 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്. റിസബാവ സാദിഖിൽനിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയെന്നാണ് പരാതിക്കാരൻ പറയുന്നത്. പലതവണ തുക ആവശ്യപ്പെട്ട് റിസബാവയെ സമീപിച്ചെങ്കിലും കുറച്ചു സാവകാശം ചോദിക്കുകയാണുണ്ടായത്. അവസാനം 2015 ജനുവരിയിൽ സാദിഖിന് ഒരു ചെക്ക് നൽകിയിരുന്നു.
പറഞ്ഞ കാലാവധി കഴിഞ്ഞതോടെ സാദിഖ് ചെക്ക് ബാങ്കിൽ കളക്ഷന് നൽകി. എന്നാൽ അത് മടങ്ങി. ഇതോടെയാണ് സാദിഖ് കേസ് നൽകിയത്. റിസബാവയുടെ മകളും സാദിഖിന്റെ മകനുമായുള്ള വിവാഹം നടത്താമെന്ന് പറഞ്ഞിരുന്നെന്നും ഈ പരിചയത്തിലാണ് പണം നൽകിയതെന്നുമാണ് പരാതിക്കാരന്റെ ആരോപണം. റിസബാവയെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു.