അമരവിള: മാവേലിസ്റ്റോറിൽ നിന്നും വാങ്ങിയ അരി കഴുകയിപ്പോൾ നിറം മാറിയതായി പരാതി. മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ ചന്പാവരി കഴുകിയപ്പോഴാണ് നിറംമാറിയത്. പെരുങ്കടവിള കുറ്റിയാണിക്കാട് സ്വദേശി രഘുനാഥൻ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ അരിയാണ് പാകം ചെയാനായി കഴുകിയപ്പോൾ വെളുത്ത വരവ് അരിയായി നിറവ്യത്യാസം ഉണ്ടായത് .
മാവേലി സ്റ്റോറിൽ നിന്നും സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്ന 24 രൂപയുടെ ചന്പാവരിയിലാണ് മായം ചേർത്തിരിക്കുന്നതായി കണ്ടെത്തിയത് . കഴിഞ്ഞ ശനിയാഴ്ചയാണ് രഘുനാഥൻ 10 കിലോ അരി നെയ്യാറ്റിൻകരയിൽ നിന്നും വാങ്ങിയത് അരിയിലെ നിറ വ്യത്യാസം കണ്ട രഘുനാഥൻ തൊട്ടടുത്ത ഒറ്റശേഖരമംഗലത്തെ മാവേലി സ്റ്റോറിൽ നിന്നും അരി വാങ്ങിയെങ്കിലും കഴുകിയപ്പോൾ അതിനും നിറവ്യത്യാസം ഉണ്ടായി.
കഴുകിയെടുക്കുന്ന അരി പാകം ചെയ്താൽ ഗുണനിലവാരം ഇല്ലാത്ത ചോറായിരിക്കും ലഭിക്കുക. വില കുറഞ്ഞ അരിയിൽ മായം ചേർത്ത് മാവേലി സ്റ്റോറു വഴി വിൽപ്പനക്ക് എത്തിച്ചതാകാം എന്നാണ് നിഗമനം . ജില്ലയിൽ നിറ വ്യത്യാസം വരുത്തി അരി വിൽപ്പന നടത്തുന്ന സംഘങ്ങളിൽ നിന്ന് വാങ്ങിയ അരി മാവേലി സ്റ്റോറുവഴി വിൽപ്പനക്കെത്താനുള്ള സാധ്യതയും ഉണ്ട് . അരിയുടെ നിറവ്യത്യസത്തെ പറ്റി രഘുനാഥൻ മാവേലി സ്റ്റോറിൽ വിവരം അറിയിച്ചെങ്കിലും വിതരണത്തിനെത്തിയ അരി വിൽപ്പന നടത്തുക മാത്രമാണ് തങ്ങളുടെ ജോലിയെന്നാണ് മറുപടി ലഭിച്ചത്