ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത് മടങ്ങിവരുന്നു. ഈ ഐപിഎൽ സീസണിൽ ടീമിനായി താരം കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ട്.
വിക്കറ്റ് കീപ്പർ ബാറ്റർ പന്തിന് ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഫിറ്റ്നസ് ക്ലിയറൻസ് നൽകിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഐപിഎൽ 2024ൽ താരത്തിന് കളിക്കാനാകും.
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്നു പന്ത്. 2024 സീസണിലും ഡൽഹിയുടെ നായകനായി പന്തിനെയാണ് മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നത്.
പന്തിന്റെ തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന് മുൻ ഇന്ത്യൻ നായകനും ഡല്‍ഹി ക്യാപിറ്റല്‍സ് ഡയറക്ടറുമായ സൗരവ് ഗാംഗുലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് താരത്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്.