ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യിൽ ഡൽഹിയുടെ ഋഷഭ് പന്തിന് അതിവേഗ സെഞ്ചുറി. ഹിമാചൽപ്രദേശിനെതിരെ പന്ത് വെറും 38 പന്തിൽനിന്ന് 116 റൺസ് അടിച്ചുകൂട്ടി. പന്തിന്റെ സെഞ്ചുറിക്കരുത്തിൽ ഡൽഹി 10 വിക്കറ്റിന് ഹിമാചലിനെ പരാജയപ്പെടുത്തി. ട്വന്റി-20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണ് പന്ത് നേടിയത്. 32 പന്തിൽനിന്നായിരുന്നു പന്ത് മൂന്നക്കം കടന്നത്. 12 സിക്സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.
ഹിമാചലിന്റെ 144 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 11.4 ഓവറിൽ വിജയം കുറിച്ചു. ഗൗതം ഗംഭീറിനൊപ്പമായിരുന്നു പന്തിന്റെ മിന്നൽപ്രഹരം. ഗംഭീർ 33 പന്തിൽ 30 റൺടസെടുത്ത് പുറത്താകാതെ നിന്നു.
ക്രിസ് ഗെയ്ലിന്റെ പേരിലാണ് നിലവിൽ ട്വന്റി-20യിലെ അതിവേഗ സെഞ്ചുറിയുടെ റിക്കാർഡ്. ഐപിഎലിൽ പുനെവാരിയേഴ്സിനെതിരെ 30 പന്തിൽ സെഞ്ചുറി നേടിയാണ് ഗെയിൽ റിക്കാർഡ് സ്വന്തമാക്കിയത്.