മുംബൈ: ബോളിവുഡിലെ നിത്യഹരിത നായകൻ ഋഷി കപൂർ(67) അന്തരിച്ചു. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം. അർബുദത്തെ തുടർന്നു ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.
അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് ഋഷി കപൂർ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1970ൽ “മേരാനാം ജോക്കർ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം നൂറിലധികം സിനിമകളിൽ വേഷമിട്ടു. മേരാനാം ജോക്കറിലൂടെ ദേശീയ അവാർഡും അദ്ദേഹം നേടിയിരുന്നു. 1973ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. 2004നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
‘ദ് ഇന്റേൺ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കിൽ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. അതിനിടെയാണ് താരത്തിന്റെ മരണ വാർത്ത എത്തുന്നത്. നെറ്റ്ഫ്ലിക്സിൽ “ദ് ബോഡി’ എന്ന വെബ് സീരീസിലാണ് ഋഷി കപൂർ ഈയടുത്ത് അഭിനയിച്ചത്.
നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ സഹോദരന്മാരാണ്. 1980ൽ നീതു സിംഗിനെ വിവാഹം ചെയ്തു. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, റിഥിമ കപൂർ എന്നിവർ മക്കളാണ്.