മകനു പേരിട്ടപ്പോള്‍ മുതല്‍ ആളുകള്‍ കരീന-സെയ്ഫ് ദമ്പതികള്‍ക്ക് സമാധാനം കൊടുത്തിട്ടില്ല. തൈമൂര്‍ അലിഖാന് പട്ടൗഡി എന്ന പേരിലെ തൈമൂറാണ് ആളുകളുടെ പ്രശ്നം. സ്വന്തം മകന് ആരെങ്കിലും ഹിറ്റ്ലറെന്നു പേരിടുമോയെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ക്രൂരതയില്‍ ഹിറ്റ്ലറിനെ കടത്തിവെട്ടിയ മംഗോളിയന്‍ അക്രമകാരിയായ തൈമൂറിന്റെ പേര് കുഞ്ഞിനിട്ടത് സോഷ്യല്‍ മീഡിയയ്ക്ക് പിടിച്ചില്ല. അന്നു മുതല്‍ കുഞ്ഞിന്റെ പേരുവച്ച് കരീനയ്ക്കും സെയ്ഫിനുമെതിരേ ട്രോളാന്‍ തുടങ്ങിയതാണ്. ട്രോളൊഴുക്ക് ഇതുവരെ നിലച്ചിട്ടില്ലതാനും.
കരീനയും സെയ്ഫും ഇതിനെതിരേ പ്രതികരിക്കാന്‍ മിനക്കെട്ടില്ലെങ്കിലും കരീനയുടെ ചെറിയച്ഛന് റിഷി കപൂറിന് കണ്ണും കാതും അടച്ചു വയ്ക്കാന്‍ കഴിഞ്ഞില്ല. റിഷിയുടെ സഹോദരന് രണ്‍ധീര്‍ കപൂറിന്റെ പുത്രിയാണ് കരീന. ഉള്ളത് ഉള്ളതുപോലെ പറയുന്നതില്‍ റിഷിയ്ക്ക് പണ്ടേ ഒരു മടിയുമില്ലതാനും. അതുകൊണ്ടു തന്നെ കുഞ്ഞിന്റെ പേരുവച്ചു കളിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കാനും റിഷിയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.
ട്വിറ്ററിലൂടെയായിരുന്നു റിഷിയുടെ പ്രതികരണം. അമ്മയും അച്ഛനും അവരുടെ കുഞ്ഞിന് ഏതുപേരിട്ടാലും ആളുകള്ക്കെന്താണെന്നാണ് റിഷി ചോദിക്കുന്നത്. ആളുകള്‍ അവരവരുടെ കാര്യം നോക്കിയാല്‍ മതിയെന്നും റിഷി പറയുന്നു. കുട്ടികള്‍ക്ക് എന്തു പേരിടണമെന്നത് മാതാപിതാക്കളുടെ സ്വാതന്ത്ര്യമാണെന്നും റിഷി വ്യക്തമാക്കി. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മംഗോളിയന്‍ ആക്രമകാരിയോടുള്ള വിദ്വേഷം പ്രകടിപ്പിക്കണ്ടതിവിടെയല്ലെന്നും റിഷിയുടെ ട്വീറ്റില്‍ പറയുന്നു.
അലക്സാണ്ടറും സിക്കന്ദറും വിശുദ്ധന്മാരല്ലെന്നും എന്നാല്‍ അവരുടെ പേരുള്ളവര്‍ ലോകത്ത് ഇഷ്ടം പോലയുണ്ടെന്നും റിഷി ട്വീറ്റില്‍ കുറിക്കുന്നു. തന്റെ ഈ പ്രതികരണം കുറേയധികം പേരുടെ വായടപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നു പറഞ്ഞാണ് റിഷി ട്വീറ്റ് അവസാനിപ്പിച്ചത്.