കോട്ടയം: കഞ്ചാവ്, വ്യാജമദ്യം എന്നിവ സംബന്ധിച്ച് രഹസ്യ വിവരം എക്സൈസ് കമ്മീഷണറെ അറിയിക്കുന്നവർക്ക് കാഷ് അവാർഡ്. എക്സൈസ് കമ്മീഷണറുടെ സ്വന്തം വാട്സ് ആപ്പ് നന്പരിലേക്ക് വിവരങ്ങൾ നല്കാനാണ് നിർദേശം.
ഇവയെ സംബന്ധിച്ച് അന്വേഷണം നടത്തി സത്യസന്ധമാണെന്ന് കണ്ടെത്തിയാൽ അറിയിക്കുന്നയാൾക്ക് കാഷ് അവാർഡ് നല്കുമെന്നാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ വാട്സ് ആപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
സ്കൂൾ, കോളജ്, റസിഡന്റ്സ് അസോസിയേഷൻ, കലാകായിക സംഘടനകൾ, കുടുംബശ്രീ, തുടങ്ങിയവരുടെ ഗ്രൂപ്പുകളിൽ ഇക്കാര്യം പരമാവധി പ്രചരിപ്പിക്കാനും നിർദേശമുണ്ട്. കഞ്ചാവ്, വ്യാജമദ്യം, വിദേശമദ്യം തുടങ്ങിയവയുടെ ഉപയോഗം, വിൽപന, വിതരണം, ഉത്പാദനം ,അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ വാട്സ് ആപ്പിലേക്ക് രഹസ്യമായി അറിയിക്കാനാണ് നിർദേശം.
വിവരം നല്കുന്നവരെ സംബന്ധിച്ച കാര്യം രഹസ്യമായിരിക്കും. സത്യസന്ധമായ വിവരങ്ങൾക്ക് ഋഷിരാജ്സിംഗ് നേരിട്ട് കാഷ് അവാർഡ് നല്കും. വാട്സ് ആപ്പ് നന്പർ: 9048044411.