മാസത്തില്‍ ഒരിക്കല്‍ ഒരു സിനിമ, പിന്നെ ഒരു ചെറിയ ഷോപ്പിംഗ്. കല്യാണമോ മറ്റ് ആഘോഷങ്ങളോ വരുമ്പോള്‍ ഒരൊത്തുകൂടല്‍. ഇതായിരുന്നു 10 വര്‍ഷം മുമ്പുവരെ ശരാശരി ഒരു മലയാളി കുടുംബത്തിന്റെ വീടിനു പുറത്തുള്ള ജീവിതം.
വല്ലപ്പോഴും പുറത്തിറങ്ങിയിരുന്ന മലയാളിക്കുടുംബങ്ങള്‍ സോഷ്യല്‍ മീഡിയയുടെ വരവോടുകൂടി യാത്രചെയ്തു തുടങ്ങി. ഇന്ന് ആ യാത്രകള്‍ക്കു പുതിയ രൂപവും ഭാവവുമായി. വിനോദയാത്രകള്‍ സാഹസികയാത്രകളായി. സാഹസികത തേടി ഇന്ത്യക്ക് അകത്തും പുറത്തുമായി മലയാളി കുടുംബത്തോടെ സഞ്ചരിച്ചുതുടങ്ങി.
യാത്രയ്ക്കുള്ള പണം സേവ് ചെയ്യാനായിത്തന്നെ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുടങ്ങി. ഇന്നു പലരുടെയും തെറ്റിധാരണ സാഹസികയാത്രയ്ക്ക് യോജിച്ച ഇടം ഇന്ത്യയില്‍ ഇല്ലായെന്നാണ്. എന്നാല്‍, ആ ധാരണ തെറ്റാണ്.
എല്ലാത്തരം സാഹസിക വിനോദങ്ങള്‍ക്കും പേരുകേട്ട ഇടം ഇന്ത്യയിലുണ്ട്. ഹിമാലയത്തിന്റെ കവാടനഗരമായ ഋഷികേശാണ് ആ ഇടം. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക വിനോദങ്ങള്‍ ഋഷികേശിലാണുള്ളത്.
ബംഗീ ജംപിംഗ്
ഉയരമുള്ള ഒരു സ്ഥലത്തുനിന്നുനിന്ന് വലിയ ഇലാസ്റ്റിക് ചരട് ബന്ധിപ്പിച്ചു ചാടുന്നതാണ് ബംഗീ ജംപിംഗ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജംപിംഗ് ആണ് ഋഷികേശിലേത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പരീക്ഷിച്ചിരിക്കേണ്ട സാഹസികവിനോദങ്ങളില്‍ ഒന്നാണിത്. 45 വയസ് കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ എന്നിവരെ ജംപിംഗിന് അനുവദിക്കില്ല. ജംപിംഗ് ഫീ, യാത്രക്കൂലി, പ്രവേശന ടിക്കറ്റ്, വീഡിയോ അടക്കം 5,200 രൂപയാണ് ഒരാള്‍ക്ക് വരുന്ന ചെലവ്.
ഫ്‌ളയിംഗ് ഫോക്‌സ്
വൗാലിനെപ്പോലെ പറക്കുന്ന വിനോദമാണ് ഫ്‌ളയിംഗ് ഫോക്‌സ്. ഒരു മലയില്‍നിന്ന് മറ്റൊരു മലയിലേയ്ക്ക് വലിച്ച് കെട്ടിയിരിക്കുന്ന കേബിളിലൂടെ മണിക്കൂറില്‍ 140 കി.മീ. വേഗത്തിനു മുകളില്‍ സഞ്ചരിക്കുന്ന സാഹസികവിനോദമാണ് ഫ്‌ളയിംഗ് ഫോക്‌സ്. ഗര്‍ഭിണികള്‍, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ എന്നിവരെ പറക്കാന്‍ അനുവദിക്കില്ല.
ഋഷികേശിലെ ഫ്‌ളയിംഗ് ഫീറ്റിന്റെ ദൂരം ഒരു കിലോമീറ്റര്‍. ഏഷ്യയിലെ ഏറ്റവും ദൂരംകൂടിയ ഫ്‌ളയിംഗ് ഫീറ്റാണിത്. ചെലവ്: ഫ്‌ളയിംഗ് ഫീ, യാത്രക്കൂലി, പ്രവേശന ടിക്കറ്റ്, വീഡിയോ അടക്കം 4,700 രൂപ.
റിവര്‍ റാഫ്റ്റിംഗ്
കാറ്റ് നിറയ്ക്കാവുന്ന റാഫ്റ്റില്‍ പുഴയില്‍ അല്ലെങ്കില്‍ മറ്റു വെള്ളക്കെുകളില്‍ തുഴയുന്ന ഔ്ട്ട്‌ഡോര്‍ വിനോദമാണ് റാഫ്റ്റിംഗും വൈറ്റ് വാര്‍ റാഫ്റ്റിംഗും. വിവിധ തരത്തിലുള്ള ഒഴുക്കുള്ള വെള്ളത്തിലാണ് റാഫ്റ്റിംഗ് ചെയ്യുക. മിനിമം നാലു പേരെങ്കിലും വേണം റാഫ്റ്റിംഗ് ചെയ്യാന്‍. ഗംഗാനദിയിലൂടെയാണ് ഋഷികേശിലെ റാഫ്റ്റിംഗ്. വൈറ്റ് വാര്‍ റാഫ്റ്റിംഗില്‍ അപകടങ്ങള്‍ സംഭവിക്കാം.
പക്ഷേ, വലിയ അപകടങ്ങള്‍ ഒന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടെയുള്ളത് വൈറ്റ് വാര്‍ റാഫ്റ്റിംഗാണ്. കിലോമീറ്റര്‍ അനുസരിച്ചാണ് ചാര്‍ജ്. ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞ ഒമ്പത് കിലോമീറ്റര്‍ റാഫ്റ്റിംഗിന് 400 രൂപയും ഏറ്റവും കൂടിയ 34 കിലോമീറ്ററിന് 1,800 രൂപയുമാണ് ചാര്‍ജ്. വീഡിയോയ്ക്ക് 1000 രൂപയും.
ക്യാമ്പിംഗ്
പുറത്ത് എവിടെയെങ്കിലും ഒരു രാത്രിയും പകലും ടെന്റ് അടിച്ച് താമസിക്കുന്ന വിനോദമാണ് ക്യാമ്പിംഗ്. എല്ലാവിധ ജീവിതസുഖങ്ങളില്‍നിന്നും മാറി പ്രകൃതിയുമായി വളരെ അടുത്ത് ഇടപഴകാന്‍ ഇതുവഴി സാധിക്കും. ഗംഗാനദിക്കരയിലും വനത്തിനുള്ളിലുമാണ് ഋഷികേശിലെ ക്യാമ്പിംഗ്. ഫുഡും ക്യാമ്പ് ഫയറുമടക്കം 2,500രൂപ മുതല്‍ മുകളിലേക്കാണ് ഒരാളുടെ ചാര്‍ജ്.
ജാന്റ് സ്വിംഗ്
ബംഗീ ജംപിംഗ് പോലുള്ള മറ്റൊരു വിനോദമാണ് ജാന്റ് സ്വിംഗ്. ഉയരമുള്ള കുന്നില്‍നിന്ന് താഴെയ്ക്ക് ചാടിയ ശേഷം ഊഞ്ഞാല്‍ പോലെ ആടുന്ന വിനോദമാണിത്. 45 വയസ് കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ എന്നിവരെ സ്വിംഗ് ചെയ്യാന്‍ അനുവദിക്കില്ല. ചെലവ്: സ്വിംഗ് ഫീ, യാത്രക്കൂലി, പ്രവേശന ടിക്കറ്റ്, വീഡിയോ അടക്കം 5,200 രൂപ.
കയാക്കിംഗ്
ഒന്നോ രണ്ടോ പേര്‍ക്ക് തുഴയാവുന്ന റാഫ്റ്റില്‍ പുഴയില്‍ അല്ലെങ്കില്‍ മറ്റു വെള്ളക്കെുകളില്‍ തുഴയുന്ന ഓട്ട്്ഡോര്‍ വിനോദം. വിവിധ തരത്തിലുള്ള ഒഴുക്കുള്ള വെള്ളത്തിലാണ് കയാക്കിംഗ് ചെയ്യുക. ഗംഗാനദിയിലൂടെയാണ് ഋഷികേശിലെ കയാക്കിംഗ്. മുമ്പ് പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമെ ഇവിടെ കയാക്കിംഗിന് സൗകര്യമുള്ളൂ. ഒമ്പത് കിലോമീറ്ററിന് 400 രൂപ മുതലാണ് ചാര്‍ജ്.
റാപ്പിലിംഗ്
പാറക്കെട്ടുകളിലൂടെ അള്ളിപ്പിടിച്ച് കയറുന്ന സഹസിക വിനോദം. പാറയിലെ പൊഴികള്‍ കണ്ടെത്തി കൈപ്പത്തിയും വിരലിന്റെ തുമ്പുകളും കൂട്ടിയാണ് അള്ളി കയറുന്നത്. റോക്ക് ക്ലൈമ്പിംഗിന്റെ മറ്റൊരു വിഭാഗമാണിത്. ചെലവ്: ഒരാള്‍ക്ക് 1500 രൂപ മുതല്‍.
മൗണ്ടന്‍ ബൈക്കിംഗ്
കുന്നുകളുടെ മുകളിലേക്ക് ഓഫ് റോഡിലൂടെ തനിച്ചോ ഗ്രൂപ്പായോ നടത്തുന്ന സൈക്കിള്‍ യാത്ര. പരിശീലനം ലഭിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും മൗണ്ടന്‍ ബൈക്കിംഗ് നടത്താനുള്ള സൗകര്യം ഋഷികേശിലുണ്ട്. നിരവധി മൗണ്ടന്‍ ബൈക്കിംഗ് ക്ലബുകളും ഇവിടെയുണ്ട്. ചെലവ്: 450 രൂപ മുതല്‍.
ട്രെക്കിംഗ്
ഒരു പ്രദേശത്തെ ഭൂപ്രകൃതിയും ശബ്ദങ്ങളും കാഴ്ചകളും ഗന്ധങ്ങളും മറ്റും വളരെ സാവധാനത്തില്‍ അടുത്തു കണ്ട് മനസിലാക്കാന്‍ വേണ്ടി നടത്തുന്ന കാല്‍നടയാത്ര. ഋഷികേശ് ഹിമാലയന്‍ താഴ്‌വരയിലായതുകൊണ്ട് ഇവിടത്തെ ട്രെക്കിംഗ് ഹിമാലയത്തിലെ പര്‍വതനിരകളിലേക്കാണ്. സ്ഥലം, പോയി വരാനുള്ള ദിവസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ചാര്‍ജ്.
ക്ലിഫ് ജംപിംഗ്
ഉയരമുള്ള പാറയില്‍നിന്നോ കുന്നില്‍നിന്നോ ജലാശയത്തിലേക്കു ചാടുന്ന വിനോദമാണ് ക്ലിഫ് ജംപിംഗ്. ഗംഗാനദിയിലെ ആഴം കൂടിയ സ്ഥലങ്ങളിലാണ് ഈ സാഹസികവിനോദം നടക്കുക. റിവര്‍ റാഫ്റ്റിംഗിനു പോകുന്നവര്‍ക്ക് ഫ്രീയായി ഈ സാഹസികവിനോദത്തിന് സൗകര്യം ഒരുക്കാറുണ്ട്.
പാരാഗ്ലൈഡിംഗ്
വായുവിലൂടെ പറക്കുന്ന ഒരു സാഹസിക വിനോദത്തില്‍ കൃത്രിമച്ചിറകുകള്‍ ഉപയോഗിച്ച് കാറ്റിന്റെ വേഗത്തിലും മര്‍ദത്തിലും വ്യതിയാനങ്ങള്‍ വരുത്തിയാണ് പറക്കുക. പരിശീലനം ലഭിച്ച പാരാഗ്ലൈഡര്‍മാരാണ് ഋഷികേശിലുള്ളത്. ഇവിടെ പാരാഗ്ലൈഡിംഗ് ഹിമാലയന്‍ പര്‍വതനിരകളിലാണ്. ചെലവ്: 3500 രൂപ മുതല്‍.
ബോഡി സര്‍ഫിംഗ്
ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകളെ വെട്ടിച്ച് അവയ്ക്കുള്ളിലൂടെ കടന്നുപോകുന്ന ജലവിനോദമാണ് ബോഡി സര്‍ഫിംഗ്. ഋഷികേശിലെ ബോഡി സര്‍ഫിംഗിന് ചെറിയ വ്യത്യാസമുള്ളത് കടലിനു പകരം ഗംഗാനദിയിലാണ് ഇത് നടക്കുന്നതെന്നതാണ്. ആര്‍ത്തലച്ച് ഒഴുകുന്ന ഗംഗയിലൂടെയാണ് ഈ സാഹസിക വിനോദം ചെയ്യുന്നത്. നിരവധി പാറക്കെട്ടുകള്‍ ഉള്ളതിനാല്‍ കടലിനെ അപേക്ഷിച്ച് ഗംഗയില്‍ അപകടസാധ്യത കൂടുതലാണ്.
ഋഷികേശ്
ഇന്ത്യയില്‍ സാഹസികവിനോദങ്ങള്‍ക്കും യോഗയ്ക്കും തീര്‍ഥാടനത്തിനും പേരുകേട്ട ഇടമാണ് ഋഷികേശ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്ന ഋഷികേശിലെ പ്രധാനപ്പെട്ട രണ്ട് തൂക്കുപാലങ്ങളാണ് ലക്ഷ്മണ്‍ ജൂളയും രാം ജൂളയും. ടേഹ്‌രി പൗറി എന്നീ ജില്ലകളെ ബന്ധിപ്പിച്ചിരിക്കുന്ന പാലം കൂടിയാണ് ലക്ഷ്മണ്‍ ജൂള. ഗംഗയ്ക്കു കുറുകെ ചണക്കയറിലൂടെ രാമന്റെ സഹോദരനായ ലക്ഷ്മണന്‍ കടന്നുപോയിട്ടുണ്ടെന്ന വിശ്വാസത്തിന്മേലാണ് ഈ പേരു പാലത്തിന് ലഭിച്ചത്.
ലക്ഷ്മണ്‍ ജൂള പോലെ തന്നെ പ്രശസ്തമായ മറ്റൊരു തൂക്കുപാലമാണ് രാം ജൂള. ശിവാനന്ദ ആശ്രമവും സ്വര്‍ഗാശ്രമവും തമ്മില്‍ ബന്ധിപ്പിക്കാനാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. യോഗയുടെ ലോകതലസ്ഥാനം എന്നപേരില്‍ അറിയപ്പെടുന്ന ഋഷികേശാണ് പുണ്യനദിയായ ഗംഗ മാലിന്യവാഹിനിയാവാതെ ഒഴുകുന്ന ഒരിടം.
എങ്ങനെ എത്താം
കേരളത്തില്‍നിന്ന് ഡല്‍ഹി/ഡെറാഡൂണ്‍ വരെ ട്രെയിന്‍/വിമാന സര്‍വീസുകള്‍ ഉണ്ട്. തുടര്‍ന്ന് ബസ്, ട്രെയിന്‍, ഷെയര്‍ ടാക്‌സി മുതലായവ വഴി ഋഷികേശില്‍ എത്തിച്ചേരാം.
ശ്രദ്ധിക്കേണ്ടത്
സാഹസിക വിനോദങ്ങള്‍ക്ക് തിരക്കനുസരിച്ച് ചാര്‍ജ് കൂടിയും കുറഞ്ഞുമിരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്.
വണ്ടിക്കൂലി, വീഡിയോ, ഫോട്ടോ, ആഹാരം തുടങ്ങിയ ഹിഡന്‍ ചാര്‍ജുകള്‍ ഒാരോ വിനോദത്തിലും ഉണ്ട്. അതു ചോദിച്ച് മനസിലാക്കുക.
മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവര്‍ മാത്രമേ സാഹസികവിനോദങ്ങളില്‍ ഏര്‍പ്പെടാവൂ.
താമസം
ഋഷികേശ് യോഗയുടെ ലോക തലസ്ഥാനമായതുകൊണ്ട് നിരവധി ആശ്രമങ്ങളും സുരക്ഷിതമായ ഹോട്ടലുകളും സന്ദര്‍ശകരെ സ്വാഗതം ചെയ്യും. 250 രൂപ മുതല്‍ 5000 രൂപയ്ക്കു വരെ മുറികള്‍ കിട്ടും. മൊബൈല്‍ ആപ്പുകള്‍ വഴി മുന്‍കൂട്ടി മുറികള്‍ ബുക്ക് ചെയ്യുന്നതാണ് നല്ലത്.
അരുണ്‍ ടോം