മാവേലിക്കര: എക്‌സൈസ് ഉദ്യോഗസ്ഥരുടെ തൊഴില്‍ സുരക്ഷിതത്വത്തിനായി ആയുധങ്ങള്‍ നല്‍കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ വെച്ച് തീവണ്ടില്‍ കയറുംവഴി കാല്‍ വഴുതി വീണ് മരിച്ച എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികപള്ളി കാരിശേരില്‍ കെ.ആര്‍. ജയപ്രകാശിന്റെ കുടുംബത്തിന് എക്‌സൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കുടുംബസഹായ ഫണ്ട് വിതരണം ചെയ്യാനായി ഇവര്‍ താമസിക്കുന്ന ചെട്ടികുളങ്ങരയിലെ വീട്ടില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായാണ് ഇപ്രകാരം പറഞ്ഞത്.
ആധുനിക സംവിധാനത്തോടെയുള്ള ആയുധങ്ങള്‍ എക്‌സൈസ് വാങ്ങിയിട്ടുണ്ട്. അതില്‍ 200 തോക്കുകള്‍ ഉടന്‍ എല്ലാ റെയിഞ്ച് ഓഫീസുകള്‍ക്കും ലഭ്യമാക്കത്തക്ക വിധത്തില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജയപ്രകാശിന്റെ ഭാര്യ ശ്രീലത, മക്കളായ ജയസൂര്യ, ജ്യോതിക, ജയപ്രകാശിന്റെ അമ്മ രുദ്രാണി എന്നിവര്‍ ചേര്‍ന്ന് സഹായനിധി ഏറ്റുവാങ്ങി. ഓഫീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി. അജിത്ത്‌ലാല്‍, സെക്രട്ടറി കൃഷ്ണദാസന്‍പോറ്റി, ആലപ്പുഴ ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ എ. അബ്ദുള്‍ കലാം, അസി. എക്‌സൈസ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍, അസി. എക്‌സൈസ് കമ്മീഷണര്‍ ജി. ചന്തു, വി.എസ്. പ്രദീപ്, സജീവ്, ബിജുകുമാര്‍, കെ.ആര്‍. ബാബു, വിനയകുമാര്‍, മഹേഷ്, അബ്ദു ഹക്കിം എന്നിവര്‍ പങ്കെടുത്തു.