തൊടുപുഴ: പൊതുസ്ഥലത്തു മദ്യപിക്കുന്നവർക്കെതിരെ എക്സൈസുകാർ കേസെടുക്കുന്നതിനു മുന്പു ജില്ലയിലെ ഡപ്യൂട്ടി എക്സൈസ് കമ്മീഷണറുടെയും അല്ലെങ്കിൽ അസി. എക്സൈസ് കമ്മീഷറുടെയും അനുവാദം വാങ്ങിയിരിക്കണമെന്ന എക്സൈസ് കമ്മീഷണറുടെ നിർദേശം വൈറലാകുന്നു. ഇതു വാട്സ്അപ്പിലൂടെയുള്ള എക്സൈസ് കമ്മീഷണറുടെ നിർദേശമാണ്, ഉത്തരവല്ല.
ഇതുവരെ പൊതുസ്ഥലത്തിരുന്നു മദ്യപിച്ചു നാട്ടുകാർക്കു ശല്യമുണ്ടാക്കുന്നവരെ അബ്കാരി ആക്ട് 15(സി) പ്രകാരം കേസെടുക്കുമായിരുന്നു. എന്നാൽ ഇനി പൊതുസ്ഥലത്തിരുന്നു മദ്യപിച്ചാലും ബഹളം വച്ചാലും എക്സൈസുകാർക്ക് നോക്കിയിരിക്കാം. ഇതു കൂടാതെ അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കുന്നതിനും പ്രശ്നമില്ല. അതു പിടിക്കാൻ പിന്നാലെ നടക്കേണ്ടതില്ലെന്നുള്ള നിർദേശമുണ്ട്. ആറുമാസം വരെ ശിക്ഷയോ മൂവായിരം രൂപ പിഴയോ കിട്ടുന്ന പെറ്റികേസു മാത്രമാണിത്. എക്സൈസ് കമ്മീഷണറുടെ വാട്സ് അപ്പ് നിർദേശം ഉദ്യോഗസ്ഥർക്കിടയിൽ സമ്മിശ്രപ്രതികരണമാണ് ഉളവാക്കിയിരിക്കുന്നത്.