ആലപ്പുഴ: ജില്ലയിലെ എക്സൈസിന്റെ പ്രവർത്തനങ്ങളിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് അതൃപ്തി. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കേസുകൾ എടുക്കുന്നത് ആലപ്പുഴയിൽ വളരെ കുറവാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പിടിക്കുന്ന കേസുകൾ വളരെ ചുരുക്കമാണെന്നും കണക്കുകൾ നിരത്തി എക്സൈസ് കമ്മീഷണർ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായുള്ള പ്രതിമാസ സന്ദർശനത്തിനെത്തിയതായിരുന്നു ഋഷിരാജ് സിംഗ്. മെഡിക്കൽ ഷോപ്പുകളിൽ നിന്നും മറ്റും ലഭിക്കുന്ന ലഹരി വസ്തുക്കൾ കണ്ടെടുക്കുന്നതിൽ ജില്ല വളരെ പിന്നിലാണ്. കഞ്ചാവ് കഴിഞ്ഞവർഷം 63 കിലോമാത്രമാണ് പിടികൂടാനായത്. പാലക്കാടും, തിരുവനന്തപുരവും, കണ്ണൂരും ഇതിനേക്കാളും ഇരട്ടി കഞ്ചാവ് പിടികൂടി.
3000 അബ്കാരി കേസുകളെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. ഇത് തൃപ്തികരമല്ല. പത്ത് വർഷം മുന്പ് സ്പിരിറ്റ് കേസുകൾക്കെതിരെ സ്പെഷൽ ഐജിയായി താൻ ആലപ്പുഴയിൽ പ്രവർത്തിച്ചപ്പോൾ ഒട്ടേറേ കേസുകളാണ് പിടിച്ചത്. മാവേലിക്കര, കായംകുളം, നൂറനാട് എന്നിവിടങ്ങളിൽ സ്പിരിറ്റ് പിടികൂടിയിരുന്നു.
എന്തുകൊണ്ട് ഇവിടെ നിന്ന് ഇപ്പോൾ സ്പിരിറ്റ് കിട്ടുന്നില്ല. 6000 പുകയില കേസുകൾ മാത്രം. പ്രവർത്തനം തൃപ്തികരമല്ലെന്നും ശക്തപ്പെടുത്തണമെന്നും രാഷ്ട്രീയസമ്മർദ്ദങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കരുതെന്നും കമ്മീഷണർ ഉദ്യോസ്ഥർക്ക് നിർദേശം നൽകി. ഹോംകോ വാഹനത്തിൽ മദ്യം കടത്തിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൂർത്തിയായതിന് ശേഷം കാര്യങ്ങൾ പറയാമെന്നും കമ്മീഷണർ പറഞ്ഞു.
വിമുക്തി ലഹരി വർജ്ജന പദ്ധതിയുടെ ഭാഗമായി ബോധവത്ക്കരണം, കലാകായിക പ്രവർത്തനങ്ങൾ എന്നിവ ഉൗർജിതമാക്കും. വിമുക്തി പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ നൂറു കോടി നൽകിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ എ.കെ. നാരായണൻ കുട്ടി, അസി. കമ്മീഷണർ ജി. രാധാകൃഷ്ണപിള്ള തുടങ്ങിയവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു.