മുംബൈ: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നടത്തിയ പരാമർശങ്ങൾ തള്ളി ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമാതാവുമായ ബോണി കപൂർ. ഇത് ഒരാളുടെ സങ്കൽപം മാത്രമാണെന്നും അത്തരം മണ്ടത്തരങ്ങളോടു പ്രതികരിക്കുന്നില്ലെന്നും ബോണി കപൂർ പറഞ്ഞു. ഇത്തരം വിഡ്ഢി കഥകൾ പ്രചരിക്കുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീദേവിയുടെ മരണം അപകട മരണമല്ലെന്നും കൊലപാതകമാവാനാണു സാധ്യതയെന്നും അടുത്തിടെ അന്തരിച്ച ഫോറൻസിക് വിദഗ്ധൻ ഡോ. ഉമാദത്തൻ തന്നോടു പറഞ്ഞിരുന്നതായി ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. ഡോ. ഉമാദത്തൻ തന്നോടു പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഋഷിരാജ് സിംഗിന്റെ വെളിപ്പെടുത്തൽ.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംക്ഷമൂലം ഞാൻ അദ്ദേഹത്തോടു ചോദിച്ചപ്പോൾ അതൊരു അപകടമരണമല്ല മറിച്ച്, കൊലപാതകമരണമാവാനാണു സാധ്യത എന്നദ്ദേഹം പറഞ്ഞു. ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയർത്തിപ്പിടിച്ചു തല വെള്ളത്തിൽ മുക്കിയാൽ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു- ഋഷിരാജ് സിംഗ് ലേഖനത്തിൽ പറഞ്ഞു.
ദുബായിയിൽ ബന്ധുവിന്റെ വിവാഹം കൂടാൻ പോയ ശ്രീദേവിയെ ഹോട്ടലിലെ കുളിമുറിയിൽ ബാത് ടബ്ബിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് ശ്രീദേവി മരിച്ചതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ബാത് ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു എന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.