കുമളി: താളം തെറ്റിയ കുടുംബപശ്ചാത്തലവും മാതാപിതാക്കൾക്ക് കുട്ടികളുമായി സമയം ചെലവഴിക്കാൻ സാധിക്കാത്തതും കുട്ടികൾ സ്വന്തം ലോകത്തിൽ ഒറ്റപ്പെട്ടുപോകുന്നതുമാണ് കുട്ടികളിൽ ലഹരിമരുന്നുകളുടെ ഉപയോഗത്തിന് കാരണമെന്നു എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്.
പെരിയാർ കടുവാ സങ്കേതം, തേക്കടി ബാംബൂഗ്രൂവിൽ നടത്തിയ പെരിയാർ ടോക്സിന്റെ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആകാംക്ഷ, പിരിമുറുക്കം, ഭയം, തുടങ്ങിയവയും കുട്ടികളെ ലഹരിമരുന്നുകളിലേക്ക് അടുപ്പിക്കുന്നു. ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടോ തമാശകൊണ്ടോ ജിജ്ഞാസകൊണ്ടോ അനുകരിക്കാനുള്ള വ്യഗ്രതകൊണ്ടോ സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ടോ ലഹരിക്കടിമപ്പെടുന്നവരാണ് ഭൂരിപക്ഷവും.
കുഞ്ഞുങ്ങൾ ലഹരിമരുന്നുകൾക്ക് അടിമയാണെന്ന് മനസിലാക്കിയാൽ അവരെ ശിക്ഷിക്കുന്നതിനു പകരം കൂടുതൽ സമയം അവർക്കൊപ്പം ചെലവഴിച്ച് അവരെ പിന്തിരിപ്പിച്ച് ലഹരിയിൽ നിന്ന് മുക്തിനേടുന്നതിനായി ഡി അഡിക്ഷൻ സെന്ററിൽ എത്തിക്കണം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാൻമാരാക്കി ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്.
കുട്ടി ആരുടെ കൂടെയാണ് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതെന്നറിഞ്ഞ് അവരുടെ രക്ഷിതാക്കളെ കൂടി അറിയിക്കുകയും കുട്ടികളിൽ ഇവ എത്തുന്ന വഴികളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും വേണം. ലഹരിമരുന്നിനോടുള്ള അടിമത്വം രോഗമായി കണ്ട് വ്യക്തിയുടെ സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനും കോട്ടം തട്ടാതെയുള്ള ചികിത്സയാണ് നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സതേണ്‍ റീജിയണൽ കണ്‍സർവേറ്റർ ഐ.സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു.
പെരിയാർ കടുവാസങ്കേതം ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശില്പ .വി. കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ്, വൈസ് പ്രസിഡന്റ് സണ്‍സി മാത്യു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ഹൈദ്രോസ് മീരാൻ, മെന്പർ ഉഷ രാജൻ, ടി.ടി. തോമസ്, ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർ ജോസ് വടക്കേൽ, അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ പി.കെ വിപിൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.