നിലമ്പൂര്‍: ലഹരി ഉപയോഗത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് കേരളമാണെന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. എക്സൈസ് പോലീസ് ഡിപ്പാർട്ട്മെന്റുകളും ജില്ലാ ട്രോമാ കെയറും സംയുക്തമായി ചാലിയാർ പഞ്ചായത്തിലെ പെരുവന്പാടം കോളനിയിൽ സംഘടിപ്പിച്ച ലഹരി വിമുക്തി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബ് കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനത്തേക്ക് കേരളം എത്തിക്കഴിഞ്ഞു. കുട്ടികളിൽ ലഹരി ഉപയോഗം വ്യാപകമായി വർധിച്ചിട്ടുണ്ട്. എട്ടു വയസിന് മുകളിലുള്ള കുട്ടികൾ ലഹരി ഉപയോഗത്തിലേക്കെത്തുന്നത് ആശങ്കാജനകമാണ്. തമാശയിൽ തുടങ്ങുന്ന ലഹരി ഉപയോഗം ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മാറുകയാണ്. രക്ഷിതാക്കൾ കുട്ടികളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തണം.
കുട്ടികളോട് കാര്യങ്ങൾ ചോദിച്ചറിയാൻ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ ശക്തമായ നിലപാട് എക്സൈസ് വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോളനി മൂപ്പൻ വലിയ നായ്ക്കൻ അധ്യക്ഷനായിരുന്നു.
കോളനിയിൽ മദ്യപാനം നിർത്തിയവരെയും കോളനിയിൽ നിന്നും എംബിബിഎസിന് പഠിക്കുന്ന വിദ്യാർഥികളെയും ആദരിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്സൈസ് വി.ആർ.അനിൽകുമാർ, ഐടിഡിപി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ രാജീവ്, ജില്ലാ ട്രോമകെയർ ജനറൽ സെക്രട്ടറി കെ.പി.പ്രതീഷ്, എസ്ടി പ്രമോട്ടർ, മഹിളാ സമഖ്യജില്ലാ കോ-ഓഡിനേറ്റർ എം.റജിന എന്നിവർ പ്രസംഗിച്ചു. ബിന്ദു പെരുവന്പാടം സ്വാഗതവും ഗോപാലൻ നന്ദിയും പറഞ്ഞു.