തൃശൂർ: സ്കൂളിലും കോളജിലും പോകാത്ത ജയിൽ ഉദ്യോഗസ്ഥർ ഇതു വായിക്കണമെന്ന തലക്കെട്ട് കണ്ട് അന്പരക്കണ്ട. സ്വന്തം മക്കളുടെ സ്കൂൾ – കോളജ് വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാതെ മുങ്ങിനടക്കുന്ന ജയിൽ ഉദ്യോഗസ്ഥരെക്കുറിച്ചാണ് വാർത്ത. ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് ഉദ്യോഗസ്ഥരെ സ്കൂളിലും കോളജിലും കയറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
മിക്കവാറും സ്കൂളുകളിലും കോളജുകളിലും വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ താൻ പോകുന്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ മക്കൾ പഠിക്കുന്നിടത്ത് അവരുടെ അമ്മമാരെ മാത്രമേ കാണാൻ സാധിക്കാറുള്ളുവെന്ന് ഋഷിരാജ് സിംഗ് പറയുന്നു. കുട്ടികളും അമ്മമാരും സ്കൂൾ കോളജ് അധികൃതരും കുട്ടികളുടെ അച്ഛന്മാർ ഒരു ആഘോഷപരിപാടികളിലും പിടിഎ യോഗങ്ങളിലും പങ്കെടുക്കാറില്ലെന്ന് തന്നോട് പരാതിപ്പെട്ടുവെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. ഇതിന് പരിഹാരം കാണാനാണ് ജയിൽ ഡിജിപി തീരുമാനിച്ചിരിക്കുന്നത്.
മക്കൾ പഠിക്കുന്ന സ്കൂളുകളിലോ കോളജുകളിലോ ഇത്തരം ആഘോഷപരിപാടികളോ പിടിഎ യോഗങ്ങളോ ഉണ്ടാകുന്പോൾ ജയിൽ ഉദ്യോഗസ്ഥരായ അച്ഛന്മാർ അമ്മമാർക്കൊപ്പം പങ്കെടുക്കാൻ പരമാവധി ശ്രമിക്കണമെന്ന് ജയിൽ ഡിജിപി സർക്കുലർ പുറത്തിറക്കിക്കഴിഞ്ഞു. ഇത് കുട്ടികൾക്ക് മാനസികമായി ഏറെ സന്തോഷം ഉളവാക്കുന്നതാണെന്നും സർക്കുലറിൽ പറയുന്നു.
ഋഷിരാജ് സിംഗ് ആയതിനാൽ തന്റെ സർക്കുലർ നടപ്പാകുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് അറിയാവുന്ന ജയിൽ ഉദ്യോഗസ്ഥർ ഇനി കൃത്യമായി മക്കളുടെ സ്കൂളുകളിലും കോളജുകളിലും ഏതു പരിപാടിക്കും എത്തുമെന്നാണ് കരുതുന്നത്.