ആലപ്പുഴ: ജില്ലയില്‍ സ്പിരിറ്റ് വിപണനം ശക്തി പ്രാപിക്കുന്നതായി വന്ന രഹസ്യറിപ്പോര്‍ട്ടിനെ തുടര്‍ന്നു എക്‌സൈസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ആലപ്പുഴ ജില്ലയിലെത്തി. ഋഷിരാജ്‌സിംഗ് എക്‌സൈസ് കമ്മീഷണര്‍ ആയതിനുശേഷം സ്പിരിറ്റ് മാഫിയയുടെ പ്രവര്‍ത്തനം ഏകദേശം നിലച്ച മട്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി സ്പിരിറ്റ് വിപണനം സജീവമാകുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
ആലപ്പുഴ എക്‌സൈസ് ജില്ലാ ആസ്ഥാനം സന്ദര്‍ശിച്ച അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഋഷിരാജ്‌സിംഗ് എക്‌സൈസ് കമ്മീഷണര്‍ ആയതിനുശേഷം അബ്കാരി കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ജില്ലയില്‍ ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 2949 അബ്കാരി കേസുകളും 174 എന്‍ഡിപിഎസ് കേസുകളും മറ്റനേകം കേസുകളും കണ്ടെടുത്തതിന് ജില്ലയിലെ ഉദ്യോഗസ്ഥരെ എക്‌സൈസ് കമ്മീഷണര്‍ അഭിനന്ദിച്ചു. എന്നാല്‍ സ്പിരിറ്റ് വിപണനത്തിനെതിരെയുളള പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്നു എല്ലാ ജീവനക്കാരെയും അദ്ദേഹം ഓര്‍മിപ്പിച്ചു.
ജില്ലയില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്നു ജോയിന്റ് ഓപ്പറേഷന്‍ നടത്തുവാന്‍ എക്‌സൈസ് കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതു സംബന്ധിച്ച് ആലപ്പുഴ എസ്പി എ. അക്ബറിനും നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നു അദ്ദേഹം ജില്ലയില്‍ സ്പിരിറ്റ് സൂക്ഷിക്കുന്നതായി സംശയിക്കുന്ന പ്രദേശങ്ങളും, സ്ഥലങ്ങളും സന്ദര്‍ശിച്ചു. കായംകുളം റേഞ്ചിലെ ഒ.എന്‍.കെ ജംഗ്ഷന് പടിഞ്ഞാറുവശം ചിറകുളങ്ങരയിലുളള മനോജിന്റെ വീടും മില്ലും എക്‌സൈസ് കമ്മീഷണര്‍ പരിശോധിച്ചു. ഇയാള്‍ നിരവധി സ്പിരിറ്റ് കേസിലെ പ്രതിയാണ്. കളളില്‍ മിക്‌സ് ചെയ്യുന്നതിനാവശ്യമായ സ്പിരിറ്റും വ്യാജമദ്യ നിര്‍മാണത്തിന് ആവശ്യമായ സ്പിരിറ്റും വിതരണം ചെയ്യുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് മനോജ്.