ഋഷിരാജ് സിംഗ് പണ്ടേ ഒരു പുലിയാണ്. കൃത്യനിര്‍വഹണത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കര്‍ക്കശക്കാരനായ പോലീസുകാരനാണെങ്കിലും കക്ഷിയുടെ ഉള്ളില്‍ ഒരു കലാഹൃദയമുണ്ടെന്ന് ആളുകള്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്.
ജയിലില്‍ പുള്ളി പാടിയ പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.”ചന്ദനലേപ സുഗന്ധം ചൂടിയതാരോ….” ജയില്‍ മേധാവി ഋഷിരാജ് സിങിന്റെ ഈപാട്ടിന് നിറഞ്ഞ കൈയ്യടിയായിരുന്നു സദസ്സില്‍ നിന്നും ലഭിച്ചത്.
ജയില്‍ ജീവനക്കാരുടെയും അന്തേവാസികളുടെ ഗാനമേള ട്രൂപ്പായ ‘കറക്ഷണല്‍ വോയ്സ്’ന്റെ ലോഗോ പ്രകാശനം ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹം തടവുകാര്‍ക്ക് മുന്നില്‍ ഗായകനായി മാറിയത്.
പരിപാടിക്കെത്തിയ ഋഷിരാജ് സിങിനോട് തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ ലിജി സുരേഷാണ് പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് കൗണ്‍സിലറുടെ നിര്‍ബന്ധത്തിന് വഴങ്ങി പാട്ടുപാടാന്‍ സമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് ഫോണില്‍ നോക്കി വടക്കന്‍ വീരഗാഥയിലെ ചന്ദനലേപ സുഗന്ധം എന്ന അതീവ സുന്ദരമായ പാട്ട് ഈണം തെറ്റാതെ ആസ്വദിച്ച് പാടുകയും ചെയ്തു. പാട്ട് കഴിഞ്ഞതോടെ തടവുകാരടക്കം നിറഞ്ഞ കൈയ്യടിയാണ് ജയില്‍ ഡിജിപിക്ക് സമ്മാനിച്ചത്. തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേരളത്തിലെ ജയിലുകള്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്താണെന്നു അദ്ദേഹം പറഞ്ഞു.