വൈക്കം: മാലിന്യ സംസ്കരണം ഫലപ്രദമായി നടത്തുന്നതില്‍ കേരളത്തില്‍ വീഴ്ചയുണ്ടായാല്‍ രണ്ടു മൂന്ന് വര്‍ഷത്തിനകം ഡല്‍ഹിയില്‍ ജനങ്ങള്‍ ഓക്‌സിജന്‍ മാസ്ക് ധരിച്ച് പുറത്തിറങ്ങിയ സ്ഥിതി ഇവിടെയും ഉണ്ടാകുമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്.
വെച്ചൂരില്‍ വി–ഹെല്‍പ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നാലാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറില്‍ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടിവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ക്ലാസ്മുറികളിലും ഹോസ്റ്റല്‍മുറികളിലുമാണ് ലഹരിമരുന്നുകളുടെ ഉപയോഗം കൂടുതല്‍.
വിദ്യാര്‍ഥികള്‍തന്നെ ഈ വിപത്തില്‍ തങ്ങള്‍ അകപ്പെടില്ലെന്ന് സ്വയം തീരുമാനിക്കണം. അധ്യാപകരും സ്കൂള്‍ അധികൃതരും എക്‌സൈസ് ഉള്‍പ്പെടെയുള്ള അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയും കൈകോര്‍ത്തുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്താല്‍ ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് യുവത്വത്തെ മോചിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി. ജോയിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം സി.കെ. ആശ എംഎല്‍എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള, ശ്രീദേവി ജയന്‍, നെല്‍സണ്‍ തോമസ്, കോയാ യൂസഫ്, പഞ്ചായത്തംഗം എസ്.മനോജ്കുമാര്‍, ശാന്തികുമാര്‍ അയ്യനാട്ട്, ബിജു മിത്രംപള്ളില്‍, ഹാഷിം പറക്കാടന്‍, ജോബ് അഞ്ചേരി, ബോബന്‍ കെ. തോമസ്, കാര്‍ത്തികേയന്‍ ഗിരിജാസദനം തുടങ്ങിയവര്‍ സംബന്ധിച്ചു.