കായംകുളം.സംസ്ഥാനത്ത് അബ്കാരി കേസുകൾ കുത്തനെ കൂടിയെന്ന് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് . കായംകുളത്തു സ്പിരിറ്റ് പിടികൂടിയ സംഭവം അന്വേഷിക്കാൻ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. അബ്കാരി കേസുകളിൽ 240 ദിവസത്തിനിടെ 30,000 കേസുകളിലായി 28,000 പേർ പിടിയിലായിട്ടുണ്ട് .
സംസ്ഥാനത്ത് ദിവസേന 1,000 ലിറ്റർ വ്യാജ മദ്യം, ചാരായം എന്നിവ പിടികൂടുന്നുണ്ട് .കഴിഞ്ഞ മാസം ഇത് 400 ലിറ്റർ ആയിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളും വർധിച്ചിട്ടുണ്ട് . 2014ൽ 900 കേസുകളായിരുന്നത് ഇന്ന് 4,000 ആയി. കഞ്ചാവ് , വ്യാജ മദ്യക്കേസുകളിൽ സ്ത്രീകൾ പ്രതികളാകുന്നതു പെരുകുകയാണ് .
സ്പിരിറ്റ് ഒഴുക്ക് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . ഇതിനായി തമിഴ്നാട്- കർണാടക പോലീസിന്റെയും ഫോറസ്റ്റ് ഗാർഡിന്റെയും സഹായം തേടിയിട്ടുണ്ട് . എല്ലാ ജില്ലകളിലും വ്യാജമദ്യം ,സ്പിരിറ്റ് എന്നിവ കണ്ടെത്താനായി പ്രത്യേക സ്ക്വാഡുകളുടെ പ്രവർത്തനം ഊർജിതമാക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.