തൃശൂർ: വിയ്യൂർ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടി. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാർ ഉൾപ്പെടെ 41 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തടവുകാരെ മർദ്ദിച്ചുവെന്ന പരാതിയിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗാണ് നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ച രാവിലെ ജയിലിൽ ഋഷിരാജ് സിംഗ് മിന്നൽ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥർ മർദ്ദിക്കുന്നതായി 30 തടവുകാരാണ് പരാതിപ്പെട്ടത്. ഇതേതുടർന്നു തടവുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഡോക്ടർറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി.
മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാരെ സസ്പെൻഡു ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് ഉത്തരവിറങ്ങിയത്. തടവുകാരുടെ തുടർ പരിശോധനയ്ക്കായി ജയിൽ ഡിഐജിയെ ഋഷിരാജ് സിംഗ് ചുമതലപ്പെടുത്തി.