കണ്ണൂർ: വാക്പയറ്റും വിവാദങ്ങളും നിയമപോരാട്ടവും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഗോദയ്ക്ക് പുത്തരിയല്ല. ഇക്കുറിയും അതിനു മാറ്റമുണ്ടാകില്ലെന്ന് സൂചനയാണ് ഇന്നലെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗവും അതേത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസ് നൽകിയ പരാതിയും. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സ്ഥാനാർഥി പി.കെ.ശ്രീമതിയുടെയും ചിത്രങ്ങൾ പതിച്ച കൂറ്റൻ ബോർഡുകളാണ് വിവാദ വിഷയം.
പ്രിന്ററുടെയും പബ്ലിഷറുടെയും പേര് പരസ്യപ്പെടുത്താതെ “റൈസിംഗ് കണ്ണൂർ’ എന്ന പേരിൽ വ്യാജ അവകാശവാദങ്ങൾ നിരത്തിവച്ചതിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണക്കു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പരാതി നല്കി. ഇന്നലെ രാവിലെ കളക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയത്തെക്കുറിച്ചു വലിയ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
ഫ്ലക്സ് ബോർഡ് വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച ജില്ലയിൽ ജില്ലാ ഭരണകൂടത്തിന്റെ കൺമുന്നിൽ ഇത്ര വലിയ നിയമലംഘനം കണ്ടിട്ടും ഇത് നീക്കം ചെയ്യാത്തതും നടപടി സ്വീകരിക്കാത്തതും സതീശൻ പാച്ചേനി ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാൽ, ആ ബോർഡുകൾ ഫ്ലക്സ് അല്ലെന്നും അവർ നാടിനുചെയ്ത വലിയ വികസനങ്ങൾ ഉൾക്കൊണ്ട് ചില സംഘടനകളും മറ്റുമാണ് ബോർഡ് വച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ. ചന്ദ്രൻ സർവകക്ഷി യോഗത്തിൽ പറഞ്ഞു. എംപിയുടെ പ്രവർത്തനമികവിൽ വേവലാതി പൂണ്ടും തങ്ങളുടെ നില പരുങ്ങലിലായതും കൊണ്ടാണ് യുഡിഎഫ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ചന്ദ്രൻ പറഞ്ഞു.
ഇതുസംബന്ധിച്ച് പരിശോധിക്കുമെന്നായിരുന്നു കളക്ടറുടെ മറുപടി.പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റും മറ്റുസർക്കാർ ഏജൻസികളും പരസ്യംചെയ്യുന്ന രീതിയിൽ ഫ്ലക്സ് ബോർഡ് വച്ചു വ്യാജഅവകാശ വാദങ്ങൾ പ്രദർശിപ്പിക്കുന്നത് ഉടൻ നീക്കം ചെയ്യണമെന്നു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച പരാതിയിൽ സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.